ഫ്രീ‘മാൻ’; അമേരിക്കയിൽ ഫ്രീഡം പുരുഷന്മാർക്ക് മാത്രം ?!

Webdunia
ശനി, 26 മെയ് 2018 (10:53 IST)
സ്ത്രീകൾ എവിടെയാണ് സുരക്ഷിതർ? ഇന്ത്യയിലോ യു എസിലോ? അവർ സുരക്ഷിതരായി ഇരിക്കുന്ന ഏതെങ്കിലും ഒരു മേഖലയുണ്ടോ? അവർ എവിടെയും സുരക്ഷിതരല്ല. ഇത് വ്യക്തമാക്കുന്ന പീഡനക്കഥകളാണ് ഹോളിവുഡിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നും ഹോളിവുഡ് നടൻ മോര്‍ഗന്‍ ഫ്രീമാനും സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകസിനിമ കേട്ടത്. 
 
നേരത്തേ, കശ്മീരിൽ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നപ്പോൾ ‘ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ല’ എന്ന് പറഞ്ഞ ലോകരാജ്യങ്ങളിൽ യു എസുമുണ്ടായിരുന്നു. സ്ത്രീകൾക്ക് ഇന്ത്യയിൽ താമസിക്കാൻ കഴിയില്ലെന്നും സുരക്ഷിതരല്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
 
ഇന്ത്യയെ കുറ്റപ്പെടുത്തുകയും തങ്ങളുടെ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരാണെന്ന് വാദിക്കുകയും ചെയ്യുന്ന യു എസിൽ തന്നെയാണ് വിവാദമായിരിക്കുന്ന വെളിപ്പെടുത്തലുകൾ നടന്നിരിക്കുന്നത്. സിനിമ മേഖലയിൽ നിന്നും നേരിട്ട ലൈംഗിക പീഡനങ്ങൾ തുറന്നു പറയാൻ യുവതികൾ തയ്യാറായതോടെ പല പ്രമുഖരുടെയും മുഖം‌മൂടികളാണ് അഴിഞ്ഞു വീണിരിക്കുന്നത്. 
 
സിനിമാവേദിക്ക് പിന്നില്‍  ഒരു ദശകത്തോളം കാലം തങ്ങള്‍ നേരിട്ട യഥാര്‍ത്ഥ ചൂഷണത്തെക്കുറിച്ച് 70 ലധികം നടിമാര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഹോളിവുഡിനെ വെട്ടിലാക്കിയായിരുന്നു ഓരോരുത്തരുടേയും വെളിപ്പെടുത്തൽ. നടിമാരുടെ തുറന്നുപറച്ചിലിൽ ഒന്നും ചെയ്യാൻ കഴിയാതെയായിരുന്നു മിറാമാക്‌സ് സ്റ്റുഡിയോയുടെ തലവന്‍ ഇന്നലെ ന്യൂയോർക്ക് പൊലീസിൽ കീഴടങ്ങിയത്. 
 
ഹോളിവുഡിലെ തലമൂത്ത കാർന്നവരിൽ ഒരാളാണ് വെയ്ൻസ്റ്റെൻ. നടിമാർ പറയുന്നതെല്ലാം നുണയാണെന്നും അവരുടെ സമ്മതത്തോടെയായിരുന്നു ലൈംഗികതയിൽ ഏർപ്പെട്ടതെന്നുമായിരുന്നു ആദ്യമൊക്കെ നിർമാതാവ് വാദിച്ചത്. എന്നാൽ, ഇയാൾക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയവരുടെ എണ്ണം പരിധി വിടുകയായിരുന്നു. ഇതോടെ വെയ്ൻസ്റ്റെന് പിടിച്ച് നിൽക്കാൻ കഴിയാതെ വന്നു.  
 
ഹോളിവുഡിലെ സൂപ്പര്‍ നായികമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വെയ്ന്‍സ്റ്റണിന്റെ ദുരുദ്ദേശപരമായ പെരുമാറ്റത്തെക്കുറിച്ചും തങ്ങളുടെ നഗ്നശരീരം കാണാന്‍ വേണ്ടിയുള്ള വെയ്ന്‍സ്‌റ്റെയിന്റെ ലൈംഗിക വൈകൃതത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.
 
വെയ്ന്‍സ്‌റ്റെയ്‌നെതിരേ അവസാനമായി ആരോപണം ഉന്നയിച്ചിരിക്കുന്നത് ലൂസിയാ ഇവാന്‍സ് എന്ന നടിയാണ്. തന്നോട് 2004 ല്‍ വെയ്ന്‍സ്‌റ്റെയ്ന്‍ ഓറല്‍ സെക്‌സ് ആവശ്യപ്പെട്ടെന്നാണ് അവര്‍ ആരോപിച്ചത്.  
നടി റോസ് മക്‌ഗോവനാണ് ഹോളിവുഡില്‍ വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആദ്യം ആരോപണവുമായി രംഗത്ത് വന്നത്. 
 
ചെറുപ്പക്കാരികളായ നടിമാരെയായിരുന്നു വെയ്ന്‍സ്‌റ്റെയ്ന്‍ ലക്ഷ്യം വെച്ചിരുന്നതെന്നും സൂചനയുണ്ട്. ആരോപണമുന്നയിക്കുന്നവർ തങ്ങളുടെ നല്ല കാലത്തെ അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. 1997 ല്‍ 21 വയസ്സുള്ളപ്പോള്‍ കാന്‍ ഫിലിം ഫെസ്റ്റിവലിനിടയില്‍ വെച്ച് വെയ്ന്‍സ്‌റ്റെയ്ന്‍ തന്നെ ബലാത്സംഗം ചെയ്തതായി ഇറ്റാലിയന്‍ നടി ആസിയ അര്‍ജെന്റോ വ്യാഴാഴ്ച പറഞ്ഞിരുന്നു. 
 
വെയ്ന്‍സ്‌റ്റെയ്നു പിന്നാലെ ഓസ്‌കര്‍ സമ്മാന ജേതാവും ഹോളിവുഡ് നടനുമായ മോര്‍ഗന്‍ ഫ്രീമാനും വെട്ടിലായിരിക്കുകയാണ്. സിനിമാ സെറ്റിലും മറ്റു സ്ഥലങ്ങളിലും വെച്ച് താരം നിരവധി സ്‌ത്രീകളോട് മോശമായി പെരുമാറിയെന്നാണ് റിപ്പോർട്ട്.  
 
ഗോയിങ് ഇന്‍ സ്‌റ്റൈല്‍ എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന പെണ്‍കുട്ടിയാണ് 80കാരനായ ഫ്രിമാനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്.
 
ശരീരത്ത് ആവശ്യമില്ലാതെ സ്പര്‍ശിക്കുകയും ശരീര വടിവിനെക്കുറിച്ച് അനാവശ്യ കമന്റുകള്‍ പറയുകയും ചെയ്യുന്നത് ഫ്രിമാന്റെ രീതിയാണ്. ഒരിക്കല്‍ അടിവസ്ത്രം ഇട്ടിട്ടുണ്ടോ എന്ന് ചോദിച്ച് തന്റെ പാവാട ഉയര്‍ത്താന്‍ ശ്രമിച്ചു. ഞാന്‍ ഒഴിഞ്ഞു മാറിയ ശേഷവും അദ്ദേഹം ഈ പ്രവര്‍ത്തി തുടര്‍ന്നു. ഒടുവില്‍ സംവിധായകന്‍ ഇടപെട്ടാണ് തന്നെ രക്ഷിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇത് ഹോളിവുഡിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
 
നൗ യൂ സീ മീയുടെ പ്രൊഡക്ഷന്‍ ജോലിയില്‍ പങ്കാളിയായ ഒരു പെണ്‍കുട്ടിയും സമാനമായ ആരോപണം ഫ്രിമാനെതിരെ ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം സെറ്റില്‍ വരുന്ന ദിവസം ശരീരഭാഗങ്ങള്‍ പൂര്‍ണ്ണമായും മറയ്‌ക്കുന്ന വസ്‌ത്രമാണ് താനുള്‍പ്പെടയുള്ളവര്‍ ധരിക്കാറുണ്ടായിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
 
എട്ട് പേരാണ് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അതേസമയം, ആരോപണങ്ങള്‍ ശക്തമായതോടെ ഫ്രീമാന്‍ മാപ്പ് പറഞ്ഞു. താൻ ചെയ്തത കുറ്റങ്ങൾ സമ്മതിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മാപ്പ് പറച്ചിൽ എന്നാണ് റിപ്പോർട്ടുകൾ.
 
ഹോളിവുഡിലെ തലമൂത്ത, ഏറ്റവും ശക്തരായ രണ്ട് പേർക്കെതിരെ നടിമാർ കണക്കില്ലാതെ ആരോപണമുന്നയിച്ചത് ഏറെ ചർച്ചയായിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article