എന്റെ എട്ട് വര്‍ഷം മടക്കി തരൂ; കാമുകിയുടെ വീട്ടുപടിക്കല്‍ പ്ലക്കാര്‍ഡും പിടിച്ച് കാമുകന്റെ നിരാഹാരസമരം; ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് കല്യാണം

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (09:22 IST)
പശ്ചിമ ബംഗാളിലെ ധൂപ്ഗുരിയിലാണ് പ്രണയിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ യുവാവ് വ്യത്യസ്തമായ സമരമുറ സ്വീകരിച്ചത്. അനന്തബര്‍മന്‍ എന്ന യുവാവ് കാമുകിയുടെ വീട്ടുപടിക്കല്‍ പ്ലക്കാര്‍ഡും പിടിച്ച് സമരം ചെയ്തതോടെ, യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങുകയല്ലാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വേറെ മാര്‍ഗമുണ്ടായിരുന്നില്ല.
 
അനന്തബര്‍മ്മനും ലിപികയും എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പൊടുന്നനെ ഒരു ദിവസം ലിപിക ആനന്ദയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഫോണിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലോ ലിപികയെ ബന്ധപ്പെടാന്‍ സാധ്യമാവാത്തതിനെ തുടര്‍ന്ന് ആനന്ദ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വിവാഹം മറ്റൊരാളുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവരമറിയുന്നത്.
 
ആനന്ദ പിന്നെ മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല. എന്റെ എട്ട് വര്‍ഷം മടക്കി തരൂ എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് ലിപികയുടെ വീടിന് മുമ്പില്‍ നിരാഹാരസമരം ആരംഭിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ആനന്ദയെ പിന്തുണച്ചു. ലിപികയുടെ ഭാവിവരനും പോലീസും സ്ഥലത്തെത്തി.
 
ആനന്ദയെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ പ്രണയിനിയെ തിരികെ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലായിരുന്നു ആനന്ദ. സമയം നീങ്ങുന്നതിനോടൊപ്പം ആനന്ദയുടെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
 
ഇതോടെ ലിപിക ആനന്ദയെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും സമ്മതവും അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ലിപികയുടെ വീട്ടുകാരും സമ്മതം മൂളി. ആശുപത്രിയില്‍ നിന്ന് നേരെ സമീപത്തെ ക്ഷേത്രത്തിലെത്തിയ ആനന്ദയും ലിപികയും വിവാഹിതരായി.

അനുബന്ധ വാര്‍ത്തകള്‍

Next Article