സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 12 ഏപ്രില്‍ 2025 (15:01 IST)
ആശമാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍. സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ച് അഭിമാനം ഉണ്ടെങ്കില്‍ അതിന് പ്രധാന കാരണം ആശമാരാണെന്നും അവകാശം പോലും ചോദിക്കാന്‍ അവകാശമില്ലാത്ത അഭയാര്‍ത്ഥികളാണോ ആശാവര്‍ക്കര്‍മാരെന്ന് അദ്ദേഹം ചോദിച്ചു.
 
ചെറിയ വര്‍ദ്ധനവ് എങ്കിലും അനുവദിച്ച് എന്തുകൊണ്ട് സമരം അവസാനിപ്പിക്കുന്നില്ലായെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിനെതിരെ ഭരണപക്ഷ തൊഴിലാളി യൂണിയന്‍ സമരം ചെയ്യുന്ന ഒരു കാലം കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും ഭരണവും സമരവും എന്നായിരുന്നു ഇ എം എസ് മുന്നോട്ടുവച്ച മുദ്രാവാക്യമെന്നും അധികാരം ആ മുദ്രാവാക്യത്തെ നിശബ്ദമാക്കി എന്നും സര്‍ക്കാരിന്റേത് കോപ്പറേറ്റീവ് സിഇഓമാരുടെ സ്വരമെന്നും അദ്ദേഹം പറഞ്ഞു.
 
പാവപ്പെട്ട സ്ത്രീകളോട് ഡല്‍ഹിയില്‍ നിന്ന് സമരം ചെയ്യൂ എന്നല്ല സര്‍ക്കാര്‍ പറയേണ്ടത്. വലതു ഫാസിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുതെന്ന് സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍