കോട്ടയത്ത് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ദുരഭിമാനകൊലചെയ്യപ്പെട്ട കെവിന്‍ പി. ജോസഫ് വധക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി. ആരോ ഒരാൾ ഇരക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുവെന്ന് സംശയിക്കുന്നതായി ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.
സാധാരണക്കാരന്റെ സുരക്ഷയെ ചോദ്യം ചെയ്യപ്പെടുന്നതാണ് സംഭവമെന്നും കോടതി പറഞ്ഞു. വലിയ ആസൂത്രണത്തിൽ നടത്തിയ കൊലപാതകമാണിതെന്നും പ്രതികള്‍ക്ക് അധികാര കേന്ദ്രത്തിന്റെ താഴെ തട്ടില്‍ നിന്ന് സഹായം ലഭിച്ചതായും കോടതി കണ്ടെത്തി.
പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് കെവിന്റെ മൃതദേഹം തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരൻ ഷാനു ചാക്കോയും അടക്കം 14 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.