വെറുപ്പിന്റേയും പകയുടേയും രാഷ്ട്രീയം- എം ജി ആർ ഒഴിവാക്കി, പക്ഷേ പക മനസ്സിൽ കൊണ്ട് നടന്ന് ജയലളിത?!

ബുധന്‍, 8 ഓഗസ്റ്റ് 2018 (15:47 IST)
ജനക്കൂട്ടത്തിന്റെ നേതാവായിരുന്നു മുത്തുവേൽ കരുണാനിധി. തമിഴകത്തിന്റെ കലൈഞ്ജർ. അണ്ണാദുരൈ, എം ജി ആർ, ജയലളിത എന്നീ ജനനായകർ മറഞ്ഞപ്പോഴും തമിഴകത്തിന് കരുണാനിധിയെന്ന തണലുണ്ടായിരുന്നു. ആ തണലാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.  
 
ഉറ്റചങ്ങാതിമാരായിരുന്നു കരുണാനിധിയും എം ജി ആറും. കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് എം ജി ആർ എ‌ഐ‌ഡി‌എം‌കെ എന്ന പുതിയ പാർട്ടി രൂപീ‍കരിച്ചെങ്കിലും അദ്ദേഹവുമായി ഒരു തുറന്ന പോരിന് മനസ്സനുവദിച്ചിരുന്നില്ല. കരുണാനിധിയെ കലൈഞ്ജര്‍ എന്ന് മരണംവരെ അഭിസംഭോധന ചെയ്തിരുന്ന എംജിആര്‍ അദ്ദേഹത്തിന് നൽകിയ ബഹുമാനം വളരെ വലുതായിരുന്നു. 
 
എന്നാൽ, എം ജി ആറിന്റെ മരണശേഷം പാർട്ടിയുടെ തലൈവിയായി ജയലളിതയെത്തിയപ്പോൾ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. രാഷ്ട്രീയപരമായ എതിർപ്പുകൾക്ക് പുറമേ വ്യക്തിപരമായ പ്രശ്നങ്ങളും ജയലളിതയ്ക്കും കരുണാനിധിക്കും ഇടയിൽ ഉടലെടുത്തിരുന്നു. 
 
അതില്‍ ഏറ്റവും പ്രാധാനപ്പെട്ടതായിരുന്നു 2001 ലെ പാതിരാത്രിയിലെ അറസ്റ്റ്. കരുണാനിധിയെന്ന കലൈഞ്ജരെ നെഞ്ചേറ്റിയ തമിഴ്മക്കളൊന്നും മറക്കാനിടയില്ലാത്ത ഒരു ദിനമാണത്. ജയലളിത-കരുണാനിധി രാഷ്ട്രീ പോരാട്ടങ്ങളുടെ തുടക്കം 1989ലാണ്. 
 
ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ പ്രതിപക്ഷ നേതാവായ ജയലളിതയെ പോലീസ് ഉപദ്രവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ തുടങ്ങിയ പ്രതിഷേധം കൈയ്യാങ്കളിയിലേക്ക് എത്തി. സഭ നിര്‍ത്തി ജയലളിത പുറത്തേക്ക് പോവുമ്പോള്‍ ഡിഎംകെ മന്ത്രിമാരില്‍ ഒരാള്‍ ജയലളിതയുടെ സാരിയില്‍ പിടിച്ചു വലിച്ചു. സ്ത്രീകള്‍ക്ക് അന്തസോടെ വരാനുള്ള സാഹചര്യം ഉണ്ടാവുന്നത് വരെ സഭയിലേക്കില്ലെന്ന് ജയലളിത പ്രതിജ്ഞയെടുക്കുകയും ചെയ്തു. 
 
ഒടുവിൽ ആ പ്രതിജ്ഞ നടപ്പിലാക്കിയ ശേഷം മാത്രമാണ് അവർ സഭയിലേക്ക് കാലുകുത്തിയത്. അതിന് 2 വർഷമെടുത്തു. 2001ല്‍ ജയലളിത അധികാരത്തിലെത്തി. അതിനുശേഷം 2001 ജൂണ്‍ 30 ന് പുലര്‍ച്ചെ രണ്ടരയോടെ നടന്ന കാര്യങ്ങളെല്ലാം ഒരു കെട്ടുകഥപോലെ അവിശ്വസനീയമായതായിരുന്നു.   
 
ഗോപാലുപുരത്തെ വസതിയിലെത്തിയ പോലീസ് കരുണാനിധിയെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി. എന്തിനാണ് അറസ്റ്റെന്നും വാറന്റ് എവിടെയെന്നും കരുണാനിധി മാറിചോദിച്ചെങ്കിലും ജയലളിതയുടെ പൊലീസ് അതൊന്നും ചെവിക്കൊണ്ടില്ല. ‘അയ്യോ ..കൊലപണ്ണാതെ.. അയ്യോ കൊലപണ്ണാതെ ..കാപ്പാത്തുങ്കോ...‘ എന്ന് കരുണാനിധി വാവിട്ടു നിലവിളിച്ചു. പക്ഷേ, ഉറച്ച തീരുമാനവുമായെത്തിയ ജയലളിതയുടെ പൊലീസിനെ മറികടക്കാൻ പാർട്ടി അംഗങ്ങൾക്കും കഴിഞ്ഞില്ല.
 
സ്റ്റാലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് അദ്ദേഹത്തിന്റെ വീടുവളഞ്ഞു. പക്ഷേ, കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു ദിവസം മുഴുവൻ പൊലീസ് സ്റ്റാലിനായി തിരഞ്ഞു. പിറ്റേന്ന് കീഴടങ്ങിയ സ്റ്റാലിനും ബാലുവും മാരനും ജയിലിലായി. അഴിമതിക്കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു ജയലളിത സര്‍ക്കാറിന്റെ നടപടി. കലൈജ്ഞര്‍ക്ക് വേണ്ടിയുള്ള ആത്മാഹുതിയും പ്രക്ഷോഭങ്ങളുമായിരുന്നു പിന്നീട് തമിഴ്‌നാട് മുഴുവന്‍ അരങ്ങേറിയത്.
 
ഒടുവിൽ ജനങ്ങളുടെ പ്രതിഷേധം തന്നെ ഫലം കണ്ടു. എന്നാൽ, ജയലളിത അടങ്ങിയില്ല. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ മറീനയില്‍ നിര്‍മ്മിച്ച കണ്ണകി പ്രതിമ എടുത്തുമാറ്റി. കാര്‍ ഇടിച്ച് പ്രതിമക്ക് പരിക്കുപറ്റിയെന്നതിനാല്‍ മാറ്റുന്നുവെന്നായിരുന്നു വിശദീകരണം. പിന്നീട് ഡിഎംകെ അധികാരത്തിലെത്തിയതോടെ പ്രതിമ വീണ്ടും അതേ സ്ഥാനത്ത് സ്ഥാപിച്ചു. അധികാരം കൈയ്യിലെത്തുമ്പോൾ വ്യക്തിപരമായ പ്രശ്നങ്ങളിൽ ഇരുവരും പക തീർത്തിരുന്നുവെന്ന് വേണം കരുതാൻ.
 
പിന്നീട് പലപ്പോഴും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക്‌പോരുകള്‍ ഉണ്ടായി. പിന്നീട് കരുണാനിധി വിശ്രമജീവിതത്തിലേക്ക് മാറുകയും സ്റ്റാലിന്‍ വരികയും ചെയ്തതോടെ വ്യക്തിപരമായ വിദ്വേഷങ്ങള്‍ക്ക് അയവ് വന്നിരുന്നു.
 
എന്നാല്‍ കരുണാനിധിക്ക് മറീനയില്‍ അന്ത്യവിശ്രമം നല്‍കുന്നതിനെ സർക്കാർ ഇന്നലെ എതിർത്തത് വീണ്ടും ആശങ്കയുണർത്തുന്നതാണ്. മറീനയിൽ കരുണാനിധിക്ക് അന്തിമവിശ്രമം നൽകാതിരിക്കാനുള്ളതെല്ലാം സര്‍ക്കാര്‍ ചെയ്തു. അതിനുവേണ്യി നടത്തിയ നീക്കങ്ങള്‍ പഴയ വെറുപ്പിന്റെ രാഷ്ട്രീയം വീണ്ടും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരിച്ചെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍