ജർമ്മൻ യാത്ര; 'പ്രളയസമയത്ത് കേരളത്തിൽ ഇല്ലാതിരുന്നത് തെറ്റ്': കെ രാജു

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (11:51 IST)
പ്രളയസമയത്ത് കേരളത്തിൽ ഇല്ലാതിരുന്നത് തെറ്റുതന്നെയാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. പ്രളയസമയത്ത് ജര്‍മ്മനയില്‍ മലയാളസമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിന്റെ പേരില്‍ മന്ത്രി കെ. രാജു ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. 
 
എന്നാൽ, ജര്‍മ്മന്‍ യാത്രയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രളയ സമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നത് അനൗചിത്യമായെന്നും അദ്ദേഹം പറഞ്ഞു. താന്‍ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായതെത്, ജനങ്ങൾക്കുണ്ടായ ദുഃഖത്തിൽ അതീവ ഖേദമുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
 
പ്രളയവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ മടങ്ങിവരാനുള്ള ശ്രമം നടത്തി. പക്ഷെ, പെട്ടെന്ന് തിരിച്ചുവരാന്‍ ടിക്കറ്റ് ലഭിച്ചില്ല. കേരളത്തിലെ സ്ഥിതിഗതികൾ മോശമാണെന്ന് മനസ്സിലാക്കി എവിടെ നിന്നെങ്കിലും ടിക്കറ്റ് എടുക്കാൻ ശ്രമിച്ചിരുന്നു. താന്‍ നടത്തിയ യാത്രയെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജർമ്മനിയിൽ ഓണാഘോഷം ഉത്‌ഘാടനം ചെയ്യാനായിരുന്നില്ല താൻ പോയത്. അത് വാർഷിക സമ്മേളനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സിപിഐ ജനപ്രതിനിധിയായ രാജുവിന്റെ പ്രവൃത്തിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും തള്ളിക്കളഞ്ഞിരുന്നു.
 
മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അറിവോടെയാണ് ജര്‍മ്മനിക്ക് പോയതെന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ട് തുടങ്ങിയതോടെയാണ് തെറ്റിനെ ന്യായീകരിക്കാതെ അത് അംഗീകരിക്കുന്ന നിലപാടിലേക്ക് മാറിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article