ജെസ്‌നയുടെ തിരോധാനം; ജെസ്‌ന, ഭൂലോക ലക്ഷ്‌മി കേസുകളുടെ സാമ്യം അന്വേഷിച്ച് ഉദ്യോഗസ്ഥർ

Webdunia
വെള്ളി, 20 ജൂലൈ 2018 (07:57 IST)
ജെസ്‌ന കേസ് അന്വേഷണം എങ്ങുമെത്താത സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സമാനമായ പഴയ കേസുകൾ പൊടിതട്ടിയെടുക്കുന്നു. ഏഴുവര്‍ഷം മുമ്പു പത്തനംതിട്ട ജില്ലയിലെ ഗവിയില്‍നിന്ന് ഭൂലോകലക്ഷ്‌മിയെന്ന വീട്ടമ്മയെ കാണാതായതും ജെസ്‌നയുടെ തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന പരിശോധനയിലാണ്‌ ഇവർ. 
 
കൂടാതെ, പത്തനംതിട്ട, കോന്നി സ്വദേശിയായ യുവാവിന്റെ തിരോധാനവും ജെസ്‌ന കേസ്‌ അന്വേഷണസംഘം പുനഃപരിശോധിക്കുന്നു. ഗവി ഏലത്തോട്ടത്തിലെ ക്ലര്‍ക്ക്‌, ചിറ്റാര്‍ സീതത്തോട്‌ കൊച്ചുപമ്പയില്‍ ഭൂലോകലക്ഷ്‌മി(43)യുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്‌. മതിയായ തെളിവുകൾ ഒന്നും തന്നെ ഇതുവരെയായി കണ്ടെത്താനായിട്ടില്ല. അതിന് പുറമേയാണ് ജെസ്‌നയുടെ കേസ് അന്വേഷിക്കുന്നവരും ഇതുമായി മുന്നോട്ടു പോകുന്നത്.
 
പോലീസ്‌ കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭൂലോകലക്ഷ്‌മിയുടെ തിരോധാനക്കേസ്‌ അന്നേ തെളിയിക്കാമായിരുന്നെന്ന്‌ വനംവകുപ്പ്‌ വാച്ചറായ ഭര്‍ത്താവ്‌ ഡാനിയേല്‍ കുട്ടി പറയുന്നു. കേരള വനം വികസന കോര്‍പറേഷന്‍ ജീവനക്കാരിയായ ഭൂലോകലക്ഷ്‌മിയെ കാണാതാകുമ്പോള്‍ ഡാനിയേല്‍ കുട്ടി തിരുനെല്‍വേലിയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ ഗവിയിലെത്തിയ ഡാനിയേല്‍ കുട്ടി കണ്ടതു ക്വാര്‍ട്ടേഴ്‌സ്‌ പൂട്ടിക്കിടക്കുന്നതാണ്‌. പിന്‍ജനാലയിലൂടെ നോക്കിയപ്പോള്‍ സംശയകരമായ രീതിയില്‍ കട്ടിലില്‍ ഒരു കമ്പി കിടക്കുന്നതുകണ്ടു. സഹപ്രവര്‍ത്തകരുടെയും അയല്‍ക്കാരുടെയും സഹായത്തോടെ കതകുപൊളിച്ച്‌ അകത്തുകടക്കുകയായിരുന്നു.
 
കേസ് അന്വേഷണം നടന്നെങ്കിലും തെളിവുകൾ ആവശ്യമായതൊന്നും ലഭിച്ചില്ല. തുടർന്നാണ് ഒരു തുമ്പും അവശേഷിപ്പിക്കാതെ ജെസ്‌നയെന്ന കോളജ്‌ വിദ്യാര്‍ഥിനിയും ഭൂലോകലക്ഷ്‌മിയെന്ന വീട്ടമ്മയും അപ്രത്യക്ഷരായതിലെ സമാനതയാണ്‌ അന്വേഷണസംഘം പരിശോധിക്കുന്നത്‌.

അനുബന്ധ വാര്‍ത്തകള്‍

Next Article