മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചലച്ചിത്ര രംഗത്തെ 107പേർ ഒപ്പിട്ട നിവേദനം നല്‍കി.
നിവേദനത്തിൽ നടിമാരായ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് തുടങ്ങിയവരും ഒപ്പിട്ടിട്ടുണ്ട്. മോഹന്‍ലാലിനെ വിശിഷ്‌ടാതിഥിയായി പങ്കെടുപ്പിച്ചാല്‍ അവാർഡിന്റെ ശോഭ നഷ്‌ടമാകുമെന്നും ലളിതവും അന്തസ്സുറ്റതുമായ ചടങ്ങായിരിക്കണം നടക്കേണ്ടതെന്നും ഭീമഹർജിയില്‍ വ്യക്തമാക്കുന്നു.
ചടങ്ങിൽ മുഖ്യമന്ത്രിയെയും അവാർഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ കൊണ്ടുവരുന്നത് അനൗചിത്യം മാത്രമല്ല പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുന്നത് കൂടിയാണെന്നും നിവേദനത്തിൽ പറയുന്നു.
പ്രകാശ് രാജ്, എന്‍എസ് മാധവൻ, സച്ചിദാനന്ദന്‍, സേതു, രാജീവ് രവി, കെഇഎന്‍. കുഞ്ഞഹമ്മദ്, ബീന പോള്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനന്‍, പ്രകാശ് ബാരെ, സജിതാ മഠത്തില്‍ തുടങ്ങിയവരാണു ഹർജിയിൽ ഒപ്പിട്ടിരിക്കുന്ന പ്രധാന വ്യക്തികള്‍.
സാംസ്കാരിക മന്ത്രി എകെ ബാലൻ നേരിട്ടാണ് മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ചതാണ് താരത്തിനെതിരായ പ്രതിഷേധത്തിന് കാരണം.