കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം അടുത്തയാഴ്‌ച വീണ്ടും ജലന്ധറിലേക്ക്. ഇപ്പോൾ ലഭ്യമായിരിക്കുന്ന തെളിവുകളിൽ ഫ്രാങ്കോ മുളയ്‌ക്കലിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയില്ല എന്ന സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾക്കായി ജലന്ധറിലേക്ക് പോകാനൊരുങ്ങുന്നത്.
കേസിന് ആസ്‌പദമായ കൂടുതൽ വിവരങ്ങൾ ഫ്രാങ്കോയിൽ നിന്ന് ലഭ്യമാകുമെന്നും അന്വേഷണ സംഘം കരുതുന്നുണ്ട്. ഭീഷണി കാരണം പലരും സത്യങ്ങൾ പലതും മറച്ചുവച്ചിരുന്നെന്നും ഇനിയുള്ള ചോദ്യം ചെയ്യലിൽ സത്യങ്ങൾ തുറന്നുപറയുമെന്നും പൊലീസ് കരുതുന്നു.
ജലന്ധറിലേക്ക് അന്വേഷണം വ്യാപിപ്പിച്ചാൽ, പീഡനം നടന്ന കാലയളവില്‍ ഉപയോഗിച്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം, കസ്റ്റഡിയില്‍ ബിഷപ്പിനെ രണ്ടു ദിവസം ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ഈ സാഹചര്യം കൂടി കണത്തിലെടുത്താണ് ബിഷപിന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം ജലന്ധറിലേക്ക് പോകുന്നത്.