ചെങ്ങന്നൂരിൽ എൽ ഡി എഫ് ജയമുറപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തോൽവിയെ അംഗീകരിക്കാതെ അതിനെ ന്യായീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ചെങ്ങന്നൂരിലെ ഞെട്ടിക്കുന്ന പരാജയത്തിനു പിന്നിലെ കാരണം അന്വേഷിക്കാനൊരുങ്ങുകയാണ് ബിജെപിയും കോൺഗ്രസും.
ഇതിനിടയിൽ എന്തുകൊണ്ടാണ് ചെങ്ങന്നൂരിൽ ബിജെപിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതെന്ന തരത്തിലുള്ള വേറിട്ട ഒരു പ്രതികരണം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ബിജെപിയുടേതെന്ന് സംശയിക്കുന്ന സഞ്ജീവനി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മിസോറാം ഗവർണറായി കുമ്മനം രാജശേഖരനെ തിരഞ്ഞെടുത്തതും അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയ്ക്കായി മിസോറാമിലേക്ക് ഒരു ലക്ഷത്തിലധികം ബിജെപി പ്രവർത്തകർ മിസോറമിലേക്ക് പോയെന്നും അവർക്കൊന്നും ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയത്ത് തിരിച്ചെത്താൻ കഴിഞ്ഞില്ലെന്നും പോസ്റ്റിൽ പറയുന്നു.
സഞ്ജീവനിയിയുടെ വൈറലാകുന്ന പോസ്റ്റ്:
പ്രിയ സംഘബന്ധുക്കളെ,
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ ഫലങ്ങൾ വരുമ്പോൾ നമ്മുടെ കണക്ക് കൂട്ടലുകളിൽ നേരിയ വ്യത്യാസം വരുന്നതായി കാണുന്നു. കമ്മികൾ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കുന്ന ചെങ്ങന്നൂരിൽ നമ്മൾ കൊങ്ങികൾക്കും പിറകിൽ ആകുന്ന സാഹചര്യം ആണുള്ളത്. ഇത് പല സ്വയം സേവർക്കും വിഷമം ഉണ്ടാക്കുന്നു എന്നു മനസിലാക്കിയതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ കുറിപ്പ്.
യഥാർത്ഥ വിജയി ശ്രീധരൻ പിളളജി തന്നെയാണ് എന്ന് എങ്ങനെ നോക്കിയാലും വിലയിരുത്താൻ ആകും. ഏകദേശം രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ Kummanam Rajasekharan ജി യുടെ മിസോറാം ഗവർണർ പദവി അംഗീകാരം പോളിംഗ് ദിനത്തോട് അടുത്ത് വന്നത് നമുക്ക് തീരിച്ചടിയായി. വിജയം ഉറപ്പിച്ച ഒന്നരലക്ഷതത്തോളം ചെങ്ങന്നൂർ സ്വയം സേവകർ കുമ്മനംജിയുടെ സത്യപ്രതിജ്ഞ കാണാനായി മിസോറാമിലേക്ക് യാത്ര തീരിച്ചു. പോളിംഗ് ദിനത്തിൽ തിരിച്ചു വരാൻ ഉദ്ദേശിച്ചാണ് പോയത്. എന്നാൽ പോളിംഗ് ദിനത്തിൽ അതി ഭീകരമായ മഴ ഉണ്ടായി!
ഗുജറാത്തിൽ മഴ പെയ്യാനായി നടത്തിയ യാഗ ഫലം പിളളജിയുടെ ഐശ്വര്യം കാരണം ചെങ്ങന്നൂരിൽ കൂടി ലഭിക്കുകയുണ്ടായി. എന്നാൽ, കനത്ത മഴമൂലം സ്വയംസേവർ തിരികെ വന്ന പരശുറാം എക്സ്പ്രസ് മഴയും മണ്ണിടിച്ചിലും മൂലം 25 മണിക്കൂർ വൈകി ആണ് ഓടിയത്. ഇതുമൂലം സ്വയംസേവർക്ക് പോളിങ് ബൂത്തിൽ എത്താൻ ആയില്ല. ഈ നിർഭാഗ്യ വസ്തുത കണക്കിൽ എടുത്ത് മഴനിയമ പ്രകാരം ( ഡെക്ക് വർത്ത് ലൂയിസ് നിയമം) പിള്ളജിയെ വിജയി ആയി പ്രഖ്യാപിക്കാൻ സംസ്ഥാന നേതൃത്വം ഇലക്ഷൻ കമ്മീഷനെ സമീപിക്കണം. മുപ്പത് ലക്ഷം സ്വയം സേവകരുടെ ഒപ്പുകൾ സമാഹരിച്ച് പാർലമെന്റ് മാർച്ച് നടത്താനും തീരുമാനം ആയിട്ടുണ്ട്. ജയ് ഭാരത മാതാ....!!