റെക്കോർഡിട്ട് എൽ‌ഡി‌എഫ്, ചെങ്ങന്നൂരിൽ ഇടത് തരംഗം; ഇത്രയും ജനങ്ങൾക്ക് തന്നെ ഇഷ്ടമാണെന്ന് അറിയില്ലായിരുന്നുവെന്ന് സജി ചെറിയാൻ

വ്യാഴം, 31 മെയ് 2018 (12:30 IST)
കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. റെക്കോർഡ് നേട്ടവുമായി എൽ ഡി എഫിന്റെ സ്ഥാനാർത്ഥി സജി ചെറിയാൻ ജയിച്ചു. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സജി ചെറിയാൻ ജയമുറപ്പിച്ചത്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാൻ നേടിയത്.
 
1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. 66861 വോട്ടുകളാണ് എൽഡിഎഫ് നേടിയത് (2016-52880), യുഡിഎഫ് 46084 ഉം (2016-44897) എൻഡിഎ 35084 (2016-42682) വോട്ടും നേടി. 
 
യു ഡി എഫിന്റേയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങളിൽ പോലും അവർക്ക് മുന്നേറാൻ കഴിഞ്ഞില്ല. ചെങ്ങന്നൂരിൽ മുഴുവൻ ചെങ്കൊടി പാറിക്കളിക്കും. കോൺഗ്രസിന്റെ പരമ്പരാഗത പഞ്ചായത്തായ മാന്നാറും പാണ്ടനാടും ബഹുഭൂരിപക്ഷത്തോടെയായിരുന്നു എൽ ഡി എഫ് സ്വന്തമാക്കിയത്. 
 
യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് കാലിടറുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ സജി ചെറിയാൻ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. ലീഡിൽ കാര്യമായ ചലനങ്ങൾ ഉണ്ടായെങ്കിലും മുന്നിൽ തന്നെയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍