‘നല്‍കിയത് ഒന്നരക്കോടി, വേറെയുമുണ്ട് ഇടപാട്; ബാലു ഇടനിലക്കാരന്‍’ - വെളിപ്പെടുത്തലുമായി പിതാവ്
ചൊവ്വ, 22 ജനുവരി 2019 (14:43 IST)
സംഗീതജ്ഞൻ ബാലഭാസ്‌കറിന് പാലക്കാടുള്ള ആയുർവേദ റിസോര്‍ട്ടുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പിതാവ് സികെ ഉണ്ണി.
എസ്ബിഐ ലോണിലൂടെ ഒന്നര കോടി രൂപ റിസോര്‍ട്ട് അധികൃതര്‍ വാങ്ങിയിരുന്നു. ബാലുവാണ് ഈ ഇടപടിന് ഇടനില നിന്നത്. തന്റെ അനുജനായിരുന്നു ആ സമയത്ത് അവിടുത്തെ ഡെപ്യൂട്ടി ജനറൽ മാനേജർ. അങ്ങനെയാണ് ഇത്രയും വലിയ തുക വേഗത്തില്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പണം ലഭിച്ച ശേഷമാണ് ചെറിയ രീതിയിലായിരുന്ന റിസോർട്ട് വളർച്ച പ്രാപിച്ചത്. ചികിത്സയ്‌ക്കായി പോകുകയും തുടര്‍ന്ന് അവരുമായി ബാലു സൌഹൃദത്തിലായി. പിന്നീട് സന്ദര്‍ശനത്തിന്റെ ഭാഗമായും അവിടെ എത്തി. ഈ ബന്ധമാണ് ലോണ്‍ നേടിയെടുക്കാന്‍ കാരണമായത്. ബാലുവിന്റെ വലിയൊരു ഇന്‍വസ്‌റ്റ്‌മെന്റ് അവിടെ ഉണ്ടെങ്കിലും അതിന് തെളിവുകള്‍ ഇല്ലെന്നും ഉണ്ണി പറഞ്ഞു.
ആയുർവേദ റിസോര്‍ട്ടിലെ ഡോക്‌ടറാണ് അര്‍ജുനെ ഡ്രൈവറായി വിട്ടത്. നിരവധി കേസുകളില്‍ പ്രതിയായ അയാളെ നന്നാക്കാനാണ് ബാലുവിനൊപ്പം വിട്ടതെന്നാണ് അദ്ദേഹം പറയുന്നത്. നിരവധി കേസുകളില്‍ അര്‍ജുന്‍ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നും ബാലഭാസ്‌കറിന്റെ പിതാക്വ് വ്യക്തമാക്കി.
സത്യമെന്താണെന്ന് ദൈവത്തിനെ അറിയൂ. ബാലഭാസ്‌കറിന്റെ മരണം മനപൂർവമുണ്ടാക്കിയതാണെന്നാണ് തന്റെ നിഗമനമെന്നും ബാലുവിന്റെ അനുസ്‌മരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.