കേരളം ഒരുപോലെ ചർച്ചചെയ്‌ത പേരാണ് അഡ്വക്കേറ്റ് ആളൂർ. വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് ക്രിമിനൽ അഡ്വക്കേറ്റ് ആളൂർ. ദിലീപ് കേസിലും പ്രതി പൾസർ സുനിയുടെ വക്കീലായിരുന്നു ഇയാൾ.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കാൻ ഒരുങ്ങുകയാണ് ആളൂർ. പത്ത് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ആളൂർ തന്നെ. സംവിധാനം ദിലീപിന്റെ സ്വന്തം സലിം ഇന്ത്യ.
‘അവാസ്തവം’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും ഉണ്ടെന്ന് ആളൂർ പറയുന്നു. തൃശൂര്‍ പ്രസ്ക്ബ്ബില്‍ വെച്ചാണ് ചിത്രത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പോസ്റ്ററിൽ മമ്മൂട്ടിയും വരലക്ഷ്മിയും ദിലീപുമുണ്ട്.
സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമോയെന്ന് ആളൂര്‍ വക്കീലിനോട് മാധ്യമപ്രവർത്തകർ ചോദിച്ചു. ‘‘ഉവ്വ്, മമ്മൂട്ടി അഭിനയിക്കും. പ്രാരംഭ ചര്‍ച്ചകളിലാണ്’’ എന്നായിരുന്നു മറുപടി. എന്നാൽ, മമ്മൂട്ടിയുടെ ആൾക്കാരുമായി മാധ്യമപ്രവർത്തകർ കാര്യമാരാഞ്ഞപ്പോൾ ഇങ്ങനെയൊരു സിനിമയുടെ കാര്യം മമ്മൂട്ടി അറിഞ്ഞിട്ടു പോലുമില്ല.
‘മമ്മൂട്ടിയുമായി കൂടുതൽ സംസാരിക്കാൻ പറ്റിയില്ല. അതേപ്പറ്റി സംസാരിക്കാന്‍ മമ്മൂട്ടിയെ കാണാന്‍ കഴിയുമോയെന്ന് തിരക്കി. അദ്ദേഹം ഹൈദരാബാദിലാണ്. വന്നു കഴിഞ്ഞാല്‍ കാണാമെന്നാണ് കിട്ടിയ മറുപടി’’. എന്ന് ആളൂർ പറയുന്നു. മമ്മൂട്ടി പോലും അറിയാതെ അദ്ദേഹത്തിന്റെ ചിത്രമൊട്ടിച്ച പോസ്റ്ററുമായി ഇറങ്ങിയിരിക്കുകയാണ് ആളൂരും സംഘവും.
ഡി.ജി.പി : ലോക്നാഥ് ബെഹ്റയുടെ റോളാണത്രെ ദിലീപ് അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ റോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍നായരുടേതാണത്രെ. അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി.: ബി.സന്ധ്യയുടെ റോള്‍ ചെയ്യുന്നത് നടി വരലക്ഷ്മിയാണെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു.
താൻ മാനേജിങ് ഡയറക്ടറാകുന്ന നിര്‍മാണ കമ്പനിയുടെ പേരില്‍ അഞ്ചു കോടി രൂപ സമാഹരിച്ച് ബാക്കി അഞ്ചു കോടി രൂപ നടന്‍ ദിലീപിന്റെ പങ്കാളിത്തത്തില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ആളൂർ നേരത്തേ വ്യക്തമാക്കിയിരുന്നു.