ഏതുപ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഗ്യാസ്‌ട്രബിള്‍. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, കലശലായ ഏമ്പക്കം എന്നിങ്ങനെ പല ലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകാറുണ്ട്. ജീവിതചര്യകളിലെ വ്യത്യാസവും ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളുമാണ് ഗ്യാസ്‌ട്രബിളിനുള്ള മുഖ്യകാരണം. ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുന്നതിലൂടെ ഗ്യാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാന്‍ കഴിയും.
പാലും മീനുംപോലുള്ള വിരുദ്ധ ആഹാരങ്ങള്‍, ശരീരത്തിന് ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍, ദുഷിച്ചതും പഴകിയതുമായ ആഹാരവസ്‌തുക്കള്‍, എണ്ണയില്‍ വറുത്തതും എരിവും പുളിയും അധികം ഉള്ളതുമായ ഭക്ഷണങ്ങള്‍, പഴക്കം അറിയാതിരിക്കാനും കേടാകാതിരിക്കുന്നതിനുമായി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണം, ശരീരത്തിന് ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍ എന്നിവയെല്ലാം ഗ്യാസ്‌ട്രബിളിന് വഴിവെയ്ക്കും.
ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കാനായി വീട്ടില്‍ വച്ചു തന്നെ ചെയ്യാന്‍ കഴിയുന്ന പല മാര്‍ഗ്ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം:
* രണ്ട് ഏലക്ക എടുത്ത് തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ള ആറിയ ശേഷം കുടിക്കുന്നതുമൂലം അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.
* രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നതും അസിഡിറ്റി അകറ്റാന്‍ സഹായകമാണ്.
* ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി അകറ്റുകയും ചെയ്യും
* കട്ടത്തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗ്യാസ്ട്രബിള്‍ അകറ്റാനുള്ള ഉത്തമ വഴിയാണ്.
* ക്യാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പാല്‍. അതുകൊണ്ടുതന്നെ പാല്‍ ശീലമാക്കുന്നത് വയറിനുള്ളിലെ അധികമായ ആസിഡിനെ അകറ്റാന്‍ സഹായിക്കും.
* അയമോദകവും ഇന്തുപ്പും കൂടി പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ കുറയാനുള്ള മാര്‍ഗമാണ്.
* ഒരു കഷണം ചുക്ക്, ഗ്രാമ്പൂ, ഏലക്ക എന്നിവ സമം ചേര്‍ത്ത് മൂന്നു നേരം കഴിക്കുന്നതിലൂടെയും അസിഡിറ്റിയില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.
* കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുന്നതും ദിവസം രണ്ട് നേരം നെല്ലിക്കപ്പൊടി കഴിക്കുന്നതും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.
* തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തുളസിയില വെറും വയറ്റില്‍ കടിച്ചു ചവയ്ക്കുന്നതും ഗ്യാസ് ട്രബിളിന് ഉത്തമ പരിഹാരമാണ്.
* ഇഞ്ചി ചതച്ച് അല്‍പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും
* പുതിനയില തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുന്നതും വെറുതെ ചവയ്ക്കുന്നതും ഗ്യാസ് അകറ്റി ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാന്‍ ഉത്തമമാണ്.
* ജീരകവും കുരുമുളകും ചേര്‍ത്ത് പൊടിക്കുക. ഇത് ഇഞ്ചിനീരില്‍ ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.