വൈക്കം മഹാദേവക്ഷേത്രം

Webdunia
വൈക്കം മഹാദേവക്ഷേത്രം -കോട്ടയം ജില്ലയിലെ വൈക്കത്ത് സ്ഥിതിചെയ്യുന്ന മഹാക്ഷേത്രങ്ങളിലൊന്ന്.ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തേപ്പറ്റിയും ക്ഷേത്രൈതീഹ്യത്തേപ്പറ്റിയും....

പ്രധാന മൂര്‍ത്തി ശിവന്‍. സാധാരണ ശ്രീകോവിലിന്‍റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് .

ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. രണ്ടടി ഉയരമുള്ള പീഠത്തില്‍ അഞ്ചടിയോളം ഉയരമുള്ള മഹാലിംഗമാണ്.

ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നിങ്ങനെയാണ് ഭാവങ്ങള്‍

കിഴക്കോട്ടു ദര്‍ശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രാകാളി മറ്റപ്പള്ളിയും. ഉപദേവത: കന്നിമൂല ഗണപതി, സ്തംഭഗണപതി, ഭഗവതി, ഉടല്‍ കൂട്ടുമ്മേല്‍, വ്യാഘ്രപാദമഹര്‍ഷി.

എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത് . കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍.64 അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരം.

കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍.

വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങണ് ഘട്ടിയം ചൊല്ലല്‍.ശ്രീബലിക്ക് എഴുഇന്നള്ളത്ത് നടക്കുമ്പോള്‍ ഭവാന്‍റെ സ്തുതിഗീതങ്ങള്‍ ചൊല്ലുന്ന ചടങ്ങാണിത്.

12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിന്‍റെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കും പുറത്ത് പാട്ട്. ഇതേ മട്ടില്‍ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.

ഈ ശിവക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകത വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളാണ്.രാമായണം കഥയാണവയില്‍ കൊത്തിവച്ചിരിക്കുന്നത്.

മുപ്പരുമടക്കിവാഴും വൈക്കത്തു പെരും തൃക്കോവി-
ലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം.

എന്ന് രാമപുരത്ത് വാരിയര്‍ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്.

പ്രധാന ഉത്സവങ്ങള്‍

രണ്ടു മഹോത്സവങ്ങളാണ് വൈക്കത്ത് വിശേഷം . വൃശ്ചികത്തിലെ അഷ്ടമിയും കുംഭത്തിലെ മാശി അഷ്ടിയും. കൂടാതെ ശിവരാത്രിയും ചിറപ്പും. വൃശ്ചികത്തില്‍ കൊടിയേറി 12-ാം ദിവസം വരുന്ന അഷ്ടമി, വ്യാഘ്രപാദ മഹര്‍ഷിക്ക് ദര്‍ശനം നല്‍കിയ ദിവസമാണെന്നും അന്ന് ശിവന്‍ എല്ലാ ലീലാവിലാസങ്ങളോടെയും പ്രത്യക്ഷപ്പെടുമെന്നുമാണ് വിശ്വാസം.

അഷ്ടമിവിളക്ക് കഴിഞ്ഞു ഉദയനാപുരത്തപ്പനും സഹോദരിമാരായ മൂത്തേടത്തു കാവിലമ്മയും കൂട്ടുമ്മേ ഭഗവതിയും പിരിഞ്ഞുപോകുന്നു ചടങ്ങ് ദുഃഖസാന്ദ്രമാണ്. അഞ്ചിടുത്തുവച്ച് (പൂര്‍വം, ദക്ഷിണം, പശ്ഛിമം, ഉത്തരം. പിന്നെ ഒന്നുകൂടി തിരിഞ്ഞുനോക്കും.) യാത്ര ചോദിക്കും. വികാര നിര്‍ഭരമായ ആ രംഗം ഭക്തമനസ്സുകളെ ദുഃഖത്തിലാഴ്ത്തും.

വാദ്യമേളങ്ങളുടെ താളലയം ശോകമൂകമായ അന്തരീക്ഷത്തെ ഒരുക്കുന്നു. മക്കളുടെ വിട ചോദിക്കല്‍ പിതാവിന്‍റെ ഹൃദയത്തെ ദുഃഖ സാന്ദ്രമാക്കുന്നു. ദുഃഖപൂര്‍ണമായ ഈ അഷ്ടമി ദര്‍ശനം കാണുവാന്‍ ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തും.

അകത്തെഴുുള്ളിപ്പിനു ശേഷം അന്നത്തെ ചടങ്ങുകള്‍ അവസാനിക്കും. പിറ്റേന്ന്, ശോകമൂകവും അനാര്‍ഭാടവുമായ ആറാട്ടോടെ അഷ്ടമി ഉത്സവം സമാപിക്കും.. നാദസ്വരമേളവും വിഷാദം വിളിച്ചോതും. പതിനൊന്നാം ഉത്സവദിവസം നാലമ്പലത്തിനകത്ത് ഉത്സവബലി നടക്കുമ്പോള്‍ വലിയമ്പലത്തില്‍ മത്തവിലാസം പ്രബന്ധം ചാക്യാര്‍ അഭിനയിക്കണമെന്നും ചിട്ടയുണ്ടായിരുന്നു.

പഴയകാലത്ത് എല്ലാ ദിവസവും സദ്യയുണ്ടായിരുന്ന ക്ഷേത്രമാണ്. അഷ്ടമിസദ്യയ്ക്ക് 365 പറ അരി. കറിവെട്ട് പതിനാറന്മാര്‍ (പതിനാറ് നായര്‍ കുടുംബങ്ങള്‍) എന്നാണ് ചൊല്ല്.

ഏറ്റുമാനൂരപ്പന്‍ ഏഴരപൊനയുടെ പുറത്താണ് ഉത്സവകാലത്ത് എഴുന്നള്ളുന്നതെങ്കില്‍ വൈക്കത്തപ്പന്‍ നൂറുകിലോ വെള്ളി തൂക്കമുള്ള തന്‍റെ വാഹനമായ കാളയുടെ (ഋഷഭത്തിന്‍റെ) പുറത്താണ് എഴുന്നള്ളുന്നത്. ഋഷഭ വാഹന എഴുന്നള്ളത്ത് കേരളത്തിലെ മറ്റൊരു ശിവക്ഷേത്രത്തിലും ഇല്ല. അതുതയൊണ് വൈക്കത്തെ ഇത്ര പ്രശസ്തമാക്കുതും.