ഗരുഡോത്സവത്തിന് ലക്ഷങ്ങളെത്തി

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2007 (17:42 IST)
ഗോവിന്ദ ഗോവിന്ദ വിളികളാല്‍ തിരുമല മുഖരിതമായി. ഏഴുമലകളിലും ആ ശബ്ദം പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു. തീര്‍ത്ഥാടക ലക്ഷങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ഈ നാമകീര്‍ത്തനം ഉയരുമ്പോള്‍ തിരുപ്പതിയിലെ വെങ്കിടേശ്വര സ്വാമി സ്വന്തം വാഹനമായ ഗരുഡനിലേറി തിരുപ്പതി മഠത്തിന്‍റെ തെരുവുകളിലൂടെ പ്രദക്ഷിണം നടത്തുകയായിരുന്നു.

തിരുപ്പതി ബ്രഹ്മോത്സവത്തിലെ അഞ്ചാം ദിവസമായ ഗരുഡവാഹനത്തിലുള്ള എഴുന്നള്ളിപ്പ് ഒമ്പത് ദിവസത്തെ ഏറ്റവും പ്രധാനമായിരുന്നു. ബ്രഹ്മാനന്ദ നായകന്‍ ഗരുഡന്‍റെ ചുമലിലേറി എഴുന്നള്ളുന്നത് കാണാന്‍ ആബാലവൃദ്ധം ജനങ്ങളാണ് തടിച്ചുകൂടിയത്. ഒരു ലക്ഷത്തോളം പേര്‍ അവിടെ എത്തിയതായാണ് കണക്ക്.

ലക്ഷ്മീ ഹാരവും മകരകണ്ടിയും സഹസ്രനാമഹാരവും അമൂല്യമായ ആടയാഭരണങ്ങളും അണിഞ്ഞ് സുവര്‍ണ്ണ ഗരുഡ വാഹനത്തില്‍ പ്രൌഢിയോടെ മഹാവിഷ്ണുവായ വെങ്കിടാചലപതി എഴുന്നള്ളി. ബ്രഹ്മരഥത്തില്‍ അദൃശ്യനായി സ്രഷ്ടവായ ബ്രഹ്മാവിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഈ രഥം കുട്ടികളാണ് വലിച്ചത്. ഈ ഘോഷയാത്രയില്‍ അലങ്കരിച്ച് നെറ്റിപ്പട്ടം കെട്ടിയ ആനകളുമുണ്ടായിരുന്നു. അണിയിച്ചൊരുക്കിയ കുതിരകളും ഉണ്ടായിരുന്നു.

വേദോച്ചാരണങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു. മംഗളവാദ്യവും പഞ്ചവാദ്യവും ഘോഷയാത്രയ്ക്ക് കൊഴുപ്പുകൂട്ടി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭജന സംഘങ്ങളും ഗീതങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു.

ഗരുഡവാഹനമുള്ള മഞ്ചത്തില്‍ ഭഗവാന് ആരതി ഉഴുഞ്ഞുകൊണ്ട് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ എ.വി.രമണദീക്ഷിതരലുവും മറ്റ് പൂജാരിമാരും ഉണ്ടായിരുന്നു.