സുന്ദര്‍ പിചയ്: സിനിമ പോലെ ജീവിതം, ബസില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരന്‍ !

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2015 (19:50 IST)
ഗൂഗിളിന്‍റെ സി ഇ ഒ ആയി ഒരു ചെന്നൈക്കാരന്‍. സാധാരണക്കാരില്‍ സാധാരണക്കാരനായ സുന്ദര്‍ പിചയ്. കുട്ടിക്കാലത്ത് ടി വി പോലുമില്ലാത്ത ഒരു വീട്ടില്‍ വളര്‍ന്ന്, ബസില്‍ യാത്ര ചെയ്ത്, ജീവിതം അങ്ങേയറ്റം ലളിതമായി ആസ്വദിക്കുന്നയാള്‍. ടെക്‍നോളജി രംഗത്തെ അതികായനായി വളര്‍ന്ന സുന്ദര്‍ പിചയ് കൂടുതലായി ഓര്‍മ്മിപ്പിക്കുന്നത് എ പി ജെ അബ്‌ദുള്‍ കലാം എന്ന വിസ്മയത്തെ!
 
കഴിഞ്ഞ വര്‍ഷം ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ്, സെര്‍ച്ച്, മാപ്സ് തുടങ്ങിയവയുടെ പ്രൊജക്ട് ഹെഡ് ആയി നിയമിക്കപ്പെട്ട സുന്ദര്‍ പിചയ് അവിടെനിന്ന് ഒറ്റവര്‍ഷം കൊണ്ട് ഗൂഗിള്‍ സി ഇ ഒ ആയി വളര്‍ന്നു എങ്കില്‍ അതിന് കഠിനാദ്ധ്വാനത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും ഏറെ കഥകളുണ്ട് പറയാന്‍.
 
സുന്ദര്‍ പിചയ്യുടെ അമ്മ ഒരു ചെറിയ കമ്പനിയിലെ സ്റ്റെനോഗ്രാഫറായിരുന്നു. പിതാവ് ജി ഇ സിയിലെ ഇലക്‍ട്രിക്കല്‍ എന്‍‌ജിനീയര്‍. “ഞാന്‍ എന്‍റെ ജോലിസ്ഥലത്ത് ഓരോ ദിവസവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദമായിത്തന്നെ അവനോട് പറയാറുണ്ടായിരുന്നു. ആ ചെറുപ്രായത്തില്‍ തന്നെ എന്‍റെ ജോലിയിലെ വിവിധ വിഭാഗങ്ങളെക്കുറിച്ച് അവന്‍ ആകാംക്ഷയോടെ ചോദിക്കുമായിരുന്നു. ടെക്നോളജിയിലേക്ക് അവന്‍ ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണം അതാണെന്ന് ഞാന്‍ കരുതുന്നു” - സുന്ദറിന്‍റെ പിതാവ് രഘുനാഥ പിച്ചൈ ഓര്‍മ്മിക്കുന്നു.
 
നാലംഗങ്ങളുള്ള ആ കുടുംബം ഒരു രണ്ടുമുറി ഫ്ലാറ്റിലാണ് ജീവിച്ചത്. സുന്ദറും ഇളയ സഹോദരനും ലിവിംഗ് റൂമിലായിരുന്നു പതിവായി ഉറങ്ങിയിരുന്നത്. സുന്ദറിന്‍റെ കുട്ടിക്കാലത്ത്, വീട്ടില്‍ ഒരു ടി വിയോ കാറോ ഉണ്ടായിരുന്നില്ല. ആ കുടുംബത്തിന്‍റെ യാത്രകള്‍ കൂടുതലും ജനം തിങ്ങിനിറഞ്ഞ സിറ്റി ബസിലോ ഒരു നീല ലാംബ്രട്ട സ്കൂട്ടറിലോ ആയിരുന്നു. രഘുനാഥ പിച്ചൈ സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ മുന്‍‌ഭാഗത്ത് നിന്നായിരുന്നു കൊച്ച് സുന്ദറിന്‍റെ യാത്ര. പിന്നില്‍ അമ്മയും അനുജനും. 
 
സുന്ദറിന് 12 വയസുള്ളപ്പോഴാണ് വീട്ടില്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കുന്നത്. ആ ഫോണ്‍, ടെക്‍നോളജിയുടെ പുതിയ സാധ്യതകളെക്കുറിച്ച് സുന്ദറിനെ ചിന്തിപ്പിക്കാന്‍ സഹായകമായി. താന്‍ ഒരിക്കല്‍ ഡയല്‍ ചെയ്ത നമ്പര്‍ സുന്ദറിന് കാണാപ്പാഠമായിരുന്നു. “എന്‍റെ കൈയില്‍ നിന്ന് ആ ഫോണ്‍ നമ്പര്‍ മിസായി, പക്ഷേ നീ ഒരിക്കല്‍ ആ നമ്പര്‍ ഡയല്‍ ചെയ്തിട്ടുണ്ട്” എന്ന് പിതാവ് പറയുമ്പോള്‍ കൃത്യമായി ആ നമ്പര്‍ ഓര്‍ത്തെടുത്ത് പറയാന്‍ സുന്ദറിന് കഴിഞ്ഞിരുന്നു. 
 
സ്കൂളിലെ ഏറ്റവും മിടുക്കനായ കുട്ടി പിന്നീട് ഖൊരഗ്പൂര്‍ ഐ ഐ ടിയിലാണ് തന്‍റെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്തിയത്. മെറ്റീരിയല്‍ സയന്‍സിലും സെമി കണ്ടക്ടര്‍ ഫിസിക്സിലും തുടര്‍പഠനത്തിന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സ്കോളര്‍ഷിപ്പും നേടി. സുന്ദറിന്‍റെ പഠനച്ചെലവുകള്‍ക്കും വിമാനയാത്രകള്‍ക്കുമായി സുന്ദറിന്‍റെ പിതാവിന് ലോണെടുക്കേണ്ടി വന്നിട്ടുണ്ട്. കുടുംബത്തിന്‍റെ ചെലവുകള്‍ക്കായി സമാഹരിച്ചുവച്ചിരിക്കുന്ന പണം പോലും സുന്ദറിന്‍റെ പഠനാവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ടു. പെന്‍‌സില്‍‌വാനിയയിലെ വാര്‍ട്ടണ്‍ സ്കൂള്‍ ഓഫ് ടെക്നോളജിയില്‍ നിന്നാണ് സുന്ദര്‍ പിചയ് എം‌ബി‌എ എടുത്തത്. 
 
2004 ഏപ്രില്‍ ഒന്നിനാണ് സുന്ദര്‍ പിചയ് ഗൂഗിള്‍പ്ലക്സില്‍ എത്തുന്നത്. സുന്ദറിന്‍റെ ജോബ് ഇന്‍റര്‍വ്യൂ നടക്കുന്ന അന്നാണ് ഗൂഗിള്‍ സൌജന്യ ഇ മെയില്‍ സേവനമായ ജിമെയില്‍ ലോഞ്ച് ചെയ്യുന്നത്. അത് ഗൂഗിളിന്‍റെ ഒരു വലിയ ഏപ്രില്‍ ഫൂള്‍ തമാശയാണെന്നാണ് താന്‍ കരുതിയതെന്ന് പിന്നീട് സുന്ദര്‍ പിചയ് പറഞ്ഞിട്ടുണ്ട്. 
 
വളരെ ദീര്‍ഘദര്‍ശിയായ, ഗൂഗിളിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാ‍ന്‍ കെല്‍പ്പുള്ള ആളായിട്ടാണ് സുന്ദര്‍ പിചയ്യെ സഹപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. മാനേജിംഗ് ബന്ധങ്ങളില്‍ വളരെ പോസിറ്റീവായ മുന്നേറ്റങ്ങള്‍ സുന്ദര്‍ പിചയ് നടത്തുന്നു. അത് കമ്പനിയുടെ മറ്റ് പാര്‍ട്ണര്‍മാരുമായി നല്ല ബന്ധം തുടരുന്നതിന് സഹായകമാണ്. നിശബ്ദമായിരുന്ന് തന്‍റെ ജോലി ചെയ്യുന്ന സുന്ദര്‍ പിചയ് ഗൂഗിളിന്‍റെ വമ്പന്‍ മുന്നേറ്റത്തിന് കാരണക്കാരനാകുമോ എന്ന് കാത്തിരുന്ന് കാണാം.