ബ്ലോഗര്‍മാര്‍ക്ക് വഴികാട്ടിയായി ബഹറൈന്‍ ശില്പശാല

Webdunia
WDWD
ബഹറൈനിലെ പ്രശസ്ത കലാസാംസ്കാരിക കൂട്ടായ്മയായ പ്രേരണ ബഹറൈന്‍, മലയാളം ബ്ലോഗിംഗിനെ പറ്റി നടത്തിയ ശില്പശാല ബഹറൈനിലെ മലയാളികള്‍ക്കൊരു പുത്തന്‍ അനുഭവവും അറിവും ആയി.

ഒരു പുതു ബ്ലോഗര്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമായി ചര്‍ച്ച ചെയ്ത ശില്പശാല ഓഗസ്റ്റ് 17 ന്‌ വൈകുന്നേരം ഗുദേബിയായിലുള്ള പ്രേരണ ഹാളിലാണ് നടന്നത്. ബ്ലോഗ് തുടങ്ങുന്നതിനെ കുറിച്ചും മലയാളത്തില്‍ ബ്ലോഗ് എഴുതുന്നതിനെ കുറിച്ചും എഴുത്തുകാരനായ ബെന്യാമിന്‍ ക്ലാസ്സ് എടുത്തു. ബ്ലോഗറായ രാജു ഇരിങ്ങല്‍ ബ്ലോഗിന്‍റെ സാങ്കേതികത്വത്തെ കുറിച്ചും ചരിത്രത്തെക്കുറിച്ചും സംസാരിച്ചു.

സ്വതന്ത്രമായ എഴുത്തിന്‍റെ വിശാലമായ ഇടമാണ്‌ ബ്ലോഗ് തുറന്നിട്ടിരിക്കുന്നത്‌. മലയാളത്തില്‍ എങ്ങനെ ബ്ലോഗിംഗ് തുടങ്ങാം, ബ്ലോഗിംഗിന്‍റെ ചരിത്രം എന്നിവയ്ക്ക് പുറമെ മലയാളത്തില്‍ ടൈപ്പുചെയ്ത് പ്രസിദ്ധീകരിക്കുന്നത് എങ്ങനെയെന്നും ബെന്യാമിന്‍ വിശദീകരിച്ചു.

അധിനിവേശക്കാലത്ത് മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഇറാഖി ചെറുത്തുനില്‍പ്പുകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ സലാം പാക്സ് എന്ന ബ്ലോഗിനെ പറ്റിയും പരാമര്‍ശമുണ്ടായി.

WDWD
യൂണിക്കോഡ് ഉപയോഗിച്ച് മലയാളം ശരിയായ രീതിയില്‍ ടൈപ്പുചെയ്ത് തുടങ്ങിയതോടെയാണ്‌ മലയാളത്തില്‍ ബ്ലോഗിംഗ് ആരംഭിക്കുന്നത്. കീബോര്‍ഡിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം ടൈപ്പിംഗ് സാധ്യമാക്കിയ പ്രവാസി മലയാളികളായ സിബുവിന്‍റെ വരമൊഴിയും, രാജ് നീട്ടിയത്തിന്‍റെ മൊഴിയും മലയാള ബ്ലോഗിംഗിന്‍റെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ശില്പശാല അനുസ്മരിച്ചു.

ബ്ലോഗ്‌സ്പോട്ട്, വേഡ്‌പ്രസ്സ്, മൈ വെബ്‌ദുനിയ തുടങ്ങിയവയാണ്‌ മലയാളികള്‍ക്ക് പ്രിയപ്പെട്ട ബ്ലോഗ് പ്ലാറ്റ്‌ഫോമുകള്‍. പ്രവാസി മലയാളിയായ അനുമാത്യു നടത്തുന്ന തനിമലയാളം ഡോട്ട് ഓര്‍ഗ്, ഹൈദരാബാദില്‍ നിന്ന് പോളും കൂട്ടരും നടത്തുന്ന ചിന്ത ഡോട്ട് കോം എന്നിവ മലയാളം ബ്ലോഗുകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്.

ബ്ലോഗിനെ കുറിച്ചും ബ്ലോഗിംഗിന്‍റെ രാഷ്ട്രീയത്തെ പറ്റിയും കൂടുതല്‍ ക്ലാസ്സുകളും വര്‍ക്ക്‌ഷോപ്പുകളും ഉടന്‍തന്നെ സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രേരണയുടെ ഭാരവാഹികള്‍ അറിയിച്ചു.

സാഹിത്യം, നാടകം, സിനിമ, ചിത്രകല, തുടങ്ങിയ കലാസാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ പ്രേരണ. കാലിക പ്രശ്നങ്ങളെ മുന്‍നിറുത്തിയുള്ള ചര്‍ച്ചകളും കലാമൂല്യമുള്ള സിനിമകളുടെ പ്രദര്‍ശനങ്ങളും ഈ സംഘടന മാസംതോറും നടത്തിവരുന്നു.