ക്രിക്കറ്റും മതവും കൂട്ടിക്കുഴയ്‌ക്കരുത്

Webdunia
ക്രിക്കറ്റ് എന്നത് തന്നെ ഒരു മതമാണ്. അതില്‍ ഇസ്ലാം ഹിന്ദു ക്രിസ്ത്യാനിറ്റികള്‍ കൂട്ടിക്കുഴയ്‌ക്കരുതെന്ന് ആരാധകര്‍. പാകിസ്ഥാനെ പിന്തുണച്ച ലോകത്തിലെ സകല ഇസ്ലാം മതവിഭാഗക്കാരോടും ക്ഷമ പറഞ്ഞ പാക് നായകന്‍ ഷൊഹൈബ് മാലിക്കിന്‍റെ നടപടി ബ്ലോഗുകള്‍ക്ക് വിഷയമായി ഭവിക്കുകയാണ്. ട്വന്‍റി ഫൈനലിലെ ചടങ്ങിലായിരുന്നു പാകിസ്ഥാന്‍ നായകന്‍ ലോകത്തെ മുഴുവന്‍ മുസ്ലീങ്ങളോടും ക്ഷമ ചോദിച്ചത്.

ഇതിനെതിരെ ആദ്യ എതിര്‍പ്പു വന്നത് പാകിസ്ഥാനില്‍ നിന്നു തന്നെയായിരുന്നു. കാനഡയിലേയും ഗള്‍ഫിലെയും അമേരിക്കയിലെയും ക്രിസ്ത്യാനികളും ഹിന്ദുക്കളും പാകിസ്ഥാനികളുമായ ആരാധകര്‍ ഇതില്‍ പെടുമോ എന്ന് പകിസ്റ്റാനിയറ്റ് ഡോട്ട് കോമിന്‍റെ ബ്ലോഗ് സ്പോട്ടിലൂടെ ചില ആരാധകര്‍ ചോദിച്ചിരുന്നു.

മുന്‍ കാലത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ആരാധകരെ പാകിസ്ഥാന്‍ പരിഗണിച്ചിരുന്നു. ഇക്കാര്യം ചിന്തിക്കാതെയാണ് പാകിസ്ഥാന്‍ ടീം ഇങ്ങനെ ഒരു നടപടിക്കു മുതിര്‍ന്നതെന്നും ബ്ലോഗില്‍ പറയുന്നു. ലോകത്തുടനീളമുള്ള മുസ്ലീങ്ങളുടെ പിന്തുണ തേടിയ മാലിക്ക് തിരിച്ചറിയേണ്ടത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ സ്വന്തം രാജ്യത്തെ പിന്തുണയ്‌ക്കാന്‍ ഇഷ്ടപ്പെടുന്നു എന്നതാണ്. അതു പോലെ തന്നെയാണ് മറ്റു രാജ്യങ്ങളിലും. ബ്ലോഗുകള്‍ പറയുന്നു

എല്ലായിടത്തും ക്രിക്കറ്റ് കളിക്കാര്‍ മാത്രമാണ് ക്രിക്കറ്റില്‍ ഏര്‍പ്പെടുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലീങ്ങള്‍ മറ്റു ന്യൂന പക്ഷങ്ങളോടൊപ്പം മതേതര സമൂഹമായി കഴിയുന്ന ഇന്ത്യയിലെ പോലെ തന്നെ ശ്രീലങ്കയിലും ബ്രിട്ടനിലും വിവിധ സംസ്ക്കാരമാണ് പിന്തുടരുന്നത്. എവിടെയെങ്കിലും ക്രിസ്ത്യാനിയോ ഹിന്ദുവോ ഇസ്ലാമോ ക്രിക്കറ്റ് കളിക്കുന്നില്ല.

ഇംഗ്ലണ്ടില്‍ ഇപ്പോള്‍ സിഖുകാരും ഹിന്ദുക്കളും മുസ്ലീങ്ങളും കളിക്കുന്നുണ്ട്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ബുദ്ധമതക്കാരും ഹിന്ദുക്കളും ശ്രീലങ്കന്‍ ടീമിനായി കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്ക് കളിക്കുന്ന ഹാഷീം ആം‌ല മുസ്ലീമാണ്. ഇന്ത്യയ്‌ക്കായി ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലീം, സിഖ് മതക്കാര്‍ ക്രിക്കറ്റ് കളിക്കുന്നു.

പാകിസ്ഥാന്‍ മുസ്ലീം ടീമാണെന്നു പ്രഖ്യാപിച്ച മാലിക്ക് ടീമിലെ ഹിന്ദുവായ ഡാനിഷ് കനേരിയയെ കുറിച്ച് എന്തു പറയും എന്ന് സ്വന്തം ബ്ലോഗില്‍ ക്രിക്കറ്റ് ചരിത്രകാരന്‍ മുകുല്‍ കേശവന്‍ ചോദിക്കുന്നു. സംഭവത്തിനെതിരെ ധാരാളം ആള്‍ക്കാര്‍ ബ്ലോഗുകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യാ പാകിസ്ഥാന്‍ ഫൈനല്‍ നടക്കുന്നത് റംസാനുമായി ബന്ധപ്പെട്ട ദിവസങ്ങളിലായതിനാല്‍ ജയിക്കുമെന്ന പ്രചരണം പാക് പത്രങ്ങളും നല്‍കിയിരുന്നു.