ഇന്ത്യന്‍ ഗ്രാമങ്ങളിലും ഇന്‍റര്‍നെറ്റ് സജീവമാകുന്നു

വ്യാഴം, 20 ഡിസം‌ബര്‍ 2007 (14:33 IST)
വിവരസാങ്കേതിക വിദ്യയില്‍ വന്‍ കുതിച്ചുച്ചാട്ടമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ മികച്ച ഐടി കമ്പനികളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യന്‍ കമ്പനികളും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ വളര്‍ച്ചയില്‍ ഇന്ത്യന്‍ ഗ്രാമങ്ങളെയും ഒപ്പം ചേര്‍ക്കുകയാണ് വളര്‍ന്ന് കൊണ്ടിരിക്കുന്ന ബ്രോഡ്ബാന്‍ഡ് ശൃംഖല.

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്, എം ടി എന്‍ എല്‍ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും ചില കമ്പനികളും ഇന്‍റര്‍നെറ്റ് ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കോണ്‍ഫഡേറഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി രൂപം നല്‍കിയ ടെലികോം റോഡ് മാപ്പ് അനുസരിച്ച് 2012 ആവുമ്പോഴേക്കും 500 ദശലക്ഷം ജനങ്ങളെ ഇന്‍റര്‍നെറ്റ് ശൃഖലയിലൂടെ ബന്ധിപ്പിക്കും.

ഇങ്ങനെ പുതിയതായി ബന്ധിപ്പിക്കപ്പെടുന്നതില്‍ കൂടുതലും ഗ്രാമീണ മേഖലയിലായിരിക്കും. ഗ്രാമീണ മേഖലിയിലെ ജനങ്ങള്‍ക്ക് വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ ലഭ്യമാക്കുന്നതിനായി പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.

പൊതു മേഖല സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളും ഇന്‍റര്‍നെറ്റ് കണക്ഷനുമായി രംഗത്തുണ്ട്. വളരെ ചെറിയ തുകയ്ക്ക് ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിലൂടെ ഗ്രാമീണ മേഖലയില്‍ ഒരു വലിയ വിഭാഗം ഈ ശൃംഖലയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്.

പുതിയ ഇന്‍റര്‍നെറ്റ് കണ്‍ക്ഷന്‍ പദ്ധതിയുമായി ബി എസ് എന്‍ എല്‍ രംഗത്തെത്തിയിട്ടുണ്ട്. ട്രിപിള്‍ പ്ലേ എന്നറിയപ്പെടുന്ന വീഡിയോ ഓണ്‍ ഡിമാന്‍ഡ്, വീഡിയോ മള്‍ട്ടി കാസ്റ്റ്, വിപി‌എന്‍ സേവനങ്ങള്‍ എന്നിവ ഈ പദ്ധതിയിലൂടെ ലഭ്യമാണ്.

റിലയന്‍സ്, ടാറ്റ, എയര്‍ടെല്‍ എന്നീ പ്രമുഖ കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഏഷ്യാനെറ്റിന്‍റെ ഇന്‍റര്‍നെറ്റ് ശൃംഖല വളരെ ലാഭകരമായ പാദ്ധതികള്‍ ഉപഭോകതാക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്നെ എല്ലാ വിദ്യാലയങ്ങളിലും ഇന്‍റര്‍നെറ്റ് കണക്ഷന്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ തന്നെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനം സാധാരണമാകും എന്നതാണ് ഈ രംഗത്തെ വളര്‍ച്ച സൂചിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക