പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവുമായി വോള്‍വോയുടെ ചലിക്കുന്ന കൊട്ടാരം; ‘എക്‌സ് സി 90 ടി 8’ ഇന്ത്യയില്‍

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (16:05 IST)
സ്വീഡിഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെ എക്‌സ് സി 90 ടി 8 പുറത്തിറങ്ങി. വോള്‍വോ ഓട്ടോ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇന്‍ഹൈബ്രിഡ് എസ് യു വി കൂടിയാണ് ഇത്. വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ഏറെ പ്രാചാരം നേടിയ എക്സ്സി90യെ അടിസ്ഥാനമാക്കിയാണ് എക്സ്സി90 ടി8 നിര്‍മ്മിച്ചിരിക്കുന്നത്. ഇരട്ട എഞ്ചിനുകളോടു കൂടി എത്തിയ എക്‌സ് സി 90 ടി 8 വൈദ്യുതിയിലും കുതിക്കുമെന്നതാണ് പ്രധാനപ്പെട്ട സവിശേഷത. 1.25 കോടി രൂപയാണ് വാഹനത്തിന്റെ വില.
 
ടി 8 പെട്രോള്‍ ട്വിന്‍ എന്‍ജിനുമായി സഹകരിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് മോട്ടോറാണ് എക്‌സ് സി 90 ടി 8 പ്ലഗ് ഇന്‍ ഹൈബ്രിഡിലുള്ളത്. 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റും ഇലക്ട്രിക് മോട്ടോറും കൂടി ചേരുമ്പോള്‍ 400 പി എസ് ഊര്‍ജം ലഭിക്കും. നിലവിലെ എക്‌സ് സി 90ല്‍ ഉപയോഗിച്ചിട്ടുള്ള 8 സ്പീഡ് ഐസിന്‍ ഗിയര്‍ ബോക്‌സ് തന്നെയാണ് എക്‌സ് സി 90 ടി 8ലുമുള്ളത്. 407 എച്ച്‌പി ശക്തിയും 640 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനത്തിനുള്ളത്. കുറഞ്ഞ അന്തരീക്ഷമമലിനീകരണവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള പെട്രോള്‍ എഞ്ചിനുമെന്നാണ് ഇതിന്റെ പ്രത്യേകത.
 
വോള്‍വോയുടെ സ്കേലബിള്‍ പ്രോഡക്‌ട് ആര്‍ക്കിടെക്ചറില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് നാല് സീറ്റുകളാണുള്ളത്. എ ഡബ്ല്യു ഡി, സേവ്, ഓഫ്‌റോഡ്, പ്യുവര്‍, ഹൈബ്രിഡ് ആന്‍ഡ് പവര്‍ എന്നിങ്ങനെയുള്ള ആറ് ഡ്രൈവിങ് മോഡുകലാണ് ഈ എസ് യു വിയിലുള്ളത്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.6 സെക്കന്‍ഡുകള്‍ മാത്രമാണ് വാഹനത്തിന് ആവശ്യമായി വരുന്നത്. പെട്രോള്‍ എന്‍ജിനിലോ, ഇലക്ട്രിക് മോട്ടോറിലോ അല്ലെങ്കില്‍ രണ്ടിലും ഓടാന്‍ കഴിയുന്ന രീതിയാണ് വാഹനത്തിനുള്ളത്.
 
ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സീറ്റുകള്‍ എന്നിവയും ലെഗ്‌സ്‌പേസും പുതിയ വോള്‍വോയുടെ സവിശേഷതകളാണ്. ഏറ്റവും മികച്ച നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററിയും കൈവിരുതാല്‍ തീര്‍ത്ത ക്രിസ്റ്റല്‍ ഗ്ലാസുകളും റെഫ്രിജറേറ്ററും ഫോള്‍ഡ് ചെയ്യാവുന്ന ടേബിളുകളും യൂറോപ്യന്‍ മാതൃകയിലുള്ള ടച്ച്‌സ്‌ക്രീനും ബോവേഴ്‌സ് വില്‍ക്കിന്‍സ് ഓഡിയോ സിസ്റ്റവും വോള്‍വോയുടെ അകത്തളത്തെ ആകര്‍ഷകമാക്കുന്നു. കൂടാതെ സുഖകരമായ യാത്രയ്ക്കായി എല്ലാ സീറ്റുകള്‍ക്കും മസാജ് ഫംങ്ഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്ന നിര്‍മ്മാതാക്കളാണ് വോള്‍വോ. അതുകൊണ്ടു തന്നെ റഡാര്‍ അടിസ്ഥാനമാക്കിയുള്ള സുരക്ഷാസംവിധാനങ്ങളാണ് പുതിയ വോള്‍വോയില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ പാര്‍ക്ക് പൈലറ്റ് അസിസ്റ്റ്, റിയര്‍ കൊളിഷന്‍ വാണിംഗ്, വശങ്ങള്‍ക്കായുള്ള സംരക്ഷണം, ലോകത്തിലെ തന്നെ ആദ്യത്തെ റണ്‍ ഓഫ് - റോഡ് സുരക്ഷാസംവിധാനങ്ങള്‍, വിപ് ലാഷ് സംരക്ഷണം എന്നിവയും ഈ വാഹനത്തിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്.
Next Article