വോഡാഫോണിനെ മോഡി വെറുതെവിട്ടു

Webdunia
വ്യാഴം, 29 ജനുവരി 2015 (13:33 IST)
വോഡാഫോണ്‍ കമ്പനി നല്‍കാനുള്ള 3200 കോടി രൂപയുടെ നികുതി അടയ്ക്കേണ്ട എന്ന് മുംബൈ ഹൈക്കോടതി നല്‍കിയ വിധിക്കെതിരേ അപ്പീല്‍ നല്‍കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ കാര്യത്തില്‍ തീരുമാനമെടുത്തത്.

2010ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. വോഡാഫോണ്‍ കമ്പനി ഇന്ത്യാ സര്‍വീസസിന്റെ ഓഹരികള്‍ കൈമാറ്റം ചെയ്തപ്പോള്‍ വില കുറച്ച് കാണിച്ചുവെന്നതാണ് നിയമക്കുരുക്കില്‍ പെട്ടത്. ഇതിനെ തുടര്‍ന്ന് ഇംഗ്ളണ്ട് ആസ്ഥാനമായ വോഡാഫോണ്‍ കമ്പനിക്ക് ആദായനികുതി വകുപ്പ് 3200 കോടി രൂപ അധിക നികുതി ചുമത്തുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ വോഡാഫോണ്‍ കമ്പനി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2014 ഒക്ടോബര്‍ 10ന് ഹൈക്കോടതി ഈ നികുതി അടയ്ക്കുന്നതില്‍ നിന്ന് കമ്പനിയെ ഒഴിവാക്കുകയായിരുന്നു. കോടതിയുടെ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കേണ്ട എന്നാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന വ്യവസായികള്‍ക്ക് നികുതി സംബന്ധിച്ച്  വ്യക്തമായ സൂചന നല്‍കുന്ന തീരുമാനമാണിത്. ട്രാന്‍സ്ഫര്‍ പ്രൈസിങ് നീക്കുപോക്കുകള്‍ നടത്തുമ്പോള്‍ ഇനി ഓഹരികള്‍ക്ക് ഈ നികുതി നല്‍കേണ്ടതില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.