ചൂടേറ്റ് അയല്‍ സംസ്ഥാനങ്ങള്‍; പച്ചക്കറി വില ഉയരുന്നു - ആശങ്കയോടെ കൃഷിക്കാര്‍
തിങ്കള്‍, 5 മാര്‍ച്ച് 2018 (12:04 IST)
വേനല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പച്ചക്കറി വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനത്തില്‍ ആഭ്യന്തര ഉത്‌പാദനം കുറയുകയും കൃഷി നശിക്കാനുള്ള പശ്ചാത്തലവും കണക്കിലെടുത്താണ് വില ഉയരുമെന്ന നിഗമനത്തില്‍ വ്യാപാരികള്‍ എത്തിയിരിക്കുന്നത്.
കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചൂട് കൂടിവരുകയാണ്. വരും മാസങ്ങളില്‍ വേനല്‍ അതിശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
സവാള, തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, കാബേജ് എന്നിവയുടെ വില താഴ്‌ന്ന നിലയിലാണിപ്പോള്‍. അതേസമയം, ബീറ്റ്‌റൂട്ട്, അമരയ്‌ക്ക, മുരിങ്ങയ്‌ക്ക, കോളിഫ്‌ളവര്‍, പയര്‍, വള്ളിപ്പയര്‍, വെണ്ടയ്‌ക്ക, ബീന്‍സ് എന്നിവയ്‌ക്ക് വില ഉയര്‍ന്നു നില്‍ക്കുകയാണ്. വേനല്‍ കടുക്കുന്നതോടെ വില ഇതിലും വര്‍ദ്ധിക്കും.
സംസ്ഥാനത്ത് മഴ മാറി നില്‍ക്കുന്നതോടെ ചെറിയ തോതില്‍ കൃഷി ചെയ്യുന്നവര്‍ക്കും തിരിച്ചടിയുണ്ടായി. ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍ കൂടുതല്‍ കനക്കുന്നതോടെ ചെറുകിട കൃഷിക്കാരും വലയും. ഇതോടെ പച്ചക്കറി വില കുതിക്കാനുള്ള സാഹചര്യം കൂടുമെന്നതില്‍ സംശയമില്ല.