കമ്യൂട്ടർ മോട്ടോർ സൈക്കിള്‍ 'സ്റ്റാർ സിറ്റി പ്ലസ്' ചോക്ലേറ്റ് ഗോൾഡ് എഡീഷൻ വിപണിയില്‍!

Webdunia
ബുധന്‍, 18 മെയ് 2016 (12:29 IST)
‘സ്റ്റാർ സിറ്റി പ്ലസി’ന്റെ പരിമിതകാല പതിപ്പായി ടി വി എസ് മോട്ടോർ കമ്പനി ചോക്ലേറ്റ് ഗോൾഡ് എഡീഷൻ പുറത്തിറക്കി. ഗോൾഡ്, ബ്രൗൺ, ടാൻ നിറങ്ങളുടെ സങ്കലനത്തിനൊപ്പം സ്വർണ വർണമുള്ള അലോയ് വീൽ സഹിതമാണ് പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. ചോക്ലേറ്റ് ഗോൾഡ് എഡീഷനു പുറമെ മാറ്റ് ടൈറ്റാനിയം ഗ്രേ എഡീഷൻ, ഗോൾഡ് എഡീഷൻ വകഭേദങ്ങളിലും ‘സ്റ്റാർ സിറ്റി പ്ലസ്’ വിപണിയില്‍ ലഭ്യമാണ്.
 
നിറത്തിലെ പുതുമയ്ക്കപ്പുറം സാങ്കേതിക വിഭാഗത്തിൽ വലിയ മാറ്റമൊന്നുമില്ലാതെയാണു ‘സ്റ്റാർ സിറ്റി പ്ലസ്’ ചോക്ലേറ്റ് ഗോൾഡ് എഡീഷൻ എത്തുന്നത്. 5,000 ആർ പി എമ്മിലെ 8.70 എൻ എമ്മാണ് ഈ എൻജിന്റെ പരമാവധി ടോർക്ക്. മികവു തെളിയിച്ച 109.7 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിന് 7,000 ആർ പി എമ്മിൽ പരാവധി 8.30 ബി എച്ച് പി കരുത്ത് വരെ സൃഷ്ടിക്കാന്‍ കഴിയും. നാലു സ്പീഡ് ഗീയർബോക്സോടെ എത്തുന്ന ബൈക്കിൽ ഡിജിറ്റൽ ഇന്ധന ഗേജ്, നീണ്ട വീൽ ബേസ്, വീതിയേറിയ പിൻ ടയർ, അനലോഗ് സ്പീഡോമീറ്റർ എന്നിവയുമുണ്ട്.
 
മാറ്റ് ബ്രൗൺ എന്ന നിറത്തിനുള്ള ജനപ്രീതിക്കൊപ്പം സ്വർണ വർണം കൂടി സമന്വയിപ്പിച്ചാണു ചോക്ലേറ്റ് ഗോൾഡ് എഡീഷൻ സാക്ഷാത്കരിച്ചതെന്നാണ് ടി വി എസ് മോട്ടോർ കമ്പനി വിപണന വിഭാഗം മേധാവി അരുൺ സിദ്ധാർഥ് പറയുന്നത്. റൈഡർമാരുടെ വ്യക്തിത്വമാണു ബൈക്കിന്റെ നിറങ്ങളിൽ പ്രതിഫലിക്കുന്നതെന്നും അതുകൊണ്ടാണ് നിറക്കൂട്ടുകൾക്ക് കാര്യമായ സ്വാധീനം ചെലുത്തിയതെന്നും കമ്പനി വ്യക്തമാക്കി. കൂടുതൽ സ്റ്റൈൽ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണു ചോക്ലേറ്റ് ഗോൾഡ് എഡീഷൻ അവതരിപ്പിച്ചതെന്നും സിദ്ധാർഥ് വ്യക്തമാക്കി. ഡൽഹി ഷോറൂമിൽ 49,234 രൂപയാണു ബൈക്കിന് വില.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article