ടിയാഗോ ഹാച്ച്ബാക്കിന്റെ ക്രോസോവർ പതിപ്പ് ടാറ്റ ടിയാഗോ 'ആക്ടീവ്' !

Webdunia
ശനി, 21 ജനുവരി 2017 (15:21 IST)
ടിയാഗോയുടെ വന്‍‌വിജയത്തിനു ശേഷം ടിയാഗോ 'ആക്ടീവ്' എന്ന ഹാച്ചുമായി ടാറ്റ രംഗത്ത്. 2016ലെ ഡല്‍ഹി ഓട്ടോഎക്സ്പോയിലാണ് സിക്ക ആക്ടീവ് എന്ന പേരില്‍ ഈ പതിപ്പ് ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ മുബൈയില്‍ വെച്ചു നടന്ന ചടങ്ങിലായിരുന്നു ടിയാഗോ ആക്ടീവ് എന്ന പേരില്‍ കമ്പനി ഈ വഹനത്തെ വീണ്ടും അവതരിപ്പിച്ചത്.
 
ടിയാഗോ ഹാച്ച്ബാക്കിന്റെ ക്രോസോവർ പതിപ്പായാണ് ആക്ടീവ് എത്തുന്നത്. ഉടന്‍ തന്നെ ഈ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മെക്കാനിക്കൽ ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയായിരിക്കും ആക്ടീവ് എത്തുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡീസൽ, പെട്രോൾ വകഭേദങ്ങളിലായിരിക്കും ടിയാഗോയുടെ ആക്ടീവ് പതിപ്പിന്റെ അവതരണം. 
 
മുന്നിലേയും പിന്നിലേയും ബംബറുകളിലെ ബ്ലാക്ക് ക്ലാഡിംഗ്, സിൽവർ കളറിലുള്ള ബാഷ് പ്ലെയിറ്റ്, സൈഡ് ബോഡി ക്ലാഡിംഗ്, സിൽവർ ഫിനിഷ് റൂഫ്റെയിൽസ്, ബ്ലാക്ക് നിറത്തിലുള്ള റൂഫും മിററുകളും, ഗൺമെറ്റൽ അലോയ് വീലുകൾ എന്നിങ്ങനെയുള്ള പുതുമകളാണ് എക്സ്റ്റീരിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ലെതർ സീറ്റുകളും കളർ പാനലുകളും നല്‍കിയതാണ് ഇന്റീരിയറിലെ ഏകമാറ്റം. 
 
കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതിലൂടെ ഇന്ത്യയിലെ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട കാർ എന്ന പദവി ടിയാഗോയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യന്‍ വിപണിയിലെ വില്പന ഒന്നുകൂടി കൊഴുപ്പിക്കാമെന്ന ഉദ്ദേശത്തോടെ വാഹനശൃംഖല വിപുലീകരിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്.
Next Article