ഇന്നോവ ക്രിസ്റ്റയ്ക്ക് ശക്തനായ എതിരാളി; ടാറ്റയുടെ പുത്തൻ എംപിവി ഹെക്സ !

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2016 (12:45 IST)
ഇന്ത്യൻ കാർ നിർമാതാക്കളായ ടാറ്റയുടെ പുതിയ പ്രീമിയം എംപിവി ഹെക്സ വിപണിയിലേക്ക്. ആറു വേരിയന്റുകളായാണ് ഹെക്സ അവതരിക്കുന്നത്. 2017 ഫെബ്രുവരി ആദ്യവോരത്തോടെ തന്നെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് ടാറ്റയിൽ നിന്നുള്ള റിപ്പോര്‍ട്ട്.  13 ലക്ഷം മുതൽ 18ലക്ഷം വരെയായിരിക്കും ഹെക്സയുടെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.
 
രണ്ടു ഓപ്ഷനുകളിലായി 2.2 ലിറ്റർ വാരികോർ ഡീസൽ എൻജിനാണ് ഹെക്സയ്ക്ക് കരുത്തേകുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നിവ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും ഹെക്സയിൽ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലുള്ള 2.2ലിറ്റർ എൻജിൻ 148ബിഎച്ച്പിയും 320 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുക. എന്നാല്‍ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 2.2ലിറ്റർ എൻജിനാകട്ടെ 154ബിഎച്ച്പിയും 400എൻഎം ടോർക്കും ഉല്പാദിപ്പിക്കും. 
 
ടാറ്റ ആര്യയുടെ പ്ലാറ്റ്ഫോമിലാണ് ഹെക്സയുടെയും നിർമാണം നടത്തിയിരിക്കുന്നത്. എന്നാല്‍ ആര്യയെക്കാൾ കൂടുതൽ ആകാരഭംഗിയുള്ള മസിലന്‍ വാഹനമാണ് ഹെക്സ. ഓഫ് റോഡർ ലുക്ക് പകരാൻ ബോഡിയിലുടനീളം ബ്ലാക്ക് ക്ലാഡിംഗ്, ഹെഡ്‌ലാമ്പ്, സ്പോയിലർ, റൂഫ് റെയിൽ, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ്, ഹണികോംബ് ഗ്രിൽ എന്നിങ്ങനെയുള്ള ആകര്‍ഷകമായ സവിശേഷതകളും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
 
അകത്തളത്തെ മനോഹരമാക്കുന്നതിനായി ലെതർ സീറ്റ്, എൽഇഡി ഇല്യുമിനേഷൻ, ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, മൂഡ് ലൈറ്റിംഗ്, ആറു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, റിവേഴ്സ് ക്യാമറ ഡിസ്പ്ലെയായി പ്രവർത്തിപ്പിക്കാവുന്ന 5.0 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലെ എന്നീ സവിശേഷതകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
വളരെ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ആറ് എയര്‍ബാഗുകള്‍, ട്രാക്ഷൻ കൺട്രോൾ, ഇഎസ്‌പി, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നീ മികച്ച ഫീച്ചറുകള്‍ വാഹനത്തിലുണ്ട്. വാഹനവിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റിനോ ലോഡ്ജി സ്റ്റെപ്പ്‌വേ എന്നിവയോടായിരിക്കും മുഖ്യമായും  ഹെക്സയുടെ മത്സരം.
Next Article