സർക്കാരിന്റെ ഭരണപരാജയം ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷമെന്ന നിലയിൽ യു ഡി എഫ് വൻ പരാജയമാണെന്നും വ്യക്തമാക്കി ഘടകകക്ഷികൾ രംഗത്ത്. മുംസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമാണ് യു ഡി എഫ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച ചെയ്യുന്നതിലും ഭരണ പരാജയം ഉയര്‍ത്തിക്കാട്ടി പ്രതിഷേധം രേഖപ്പെടുത്തുന്നതിനും പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് ലീഗ് ആരോപിച്ചു.
കൂടൂതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തേണ്ടതുണ്ട്. യു ഡി എഫ് ഒന്നും ചെയ്തിട്ടില്ലെന്നും യോഗം ചേരുക മാത്രമാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. യുഡിഎഫ് പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കുന്നില്ല എന്നും ലീഗ് പറയുന്നു. അതോടൊപ്പം, പ്രതിപക്ഷം പരാജയമാണെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ ഇന്നലെ രംഗത്തെത്തിയത് കോണ്‍ഗ്രസിനുള്ളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കേരളത്തിൽ പ്രതിപക്ഷമില്ല. ഭരണപക്ഷവും പ്രതിപക്ഷവും സി പി എം തന്നെയാണെന്ന അവസ്ഥയാണിപ്പോൾ. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ് എന്നായിരുന്നു മുരളീധരൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഘടകക്ഷികളും അതേറ്റുപിടിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കും.