റിസര്‍വ്വ് ബാങ്ക് വായ്‌പാ നയ അവലോകനം ഇന്ന്

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (08:00 IST)
റിസര്‍വ് ബാങ്ക് വായ്പാ നയം ഇന്ന് അവലോകനം ചെയ്യും. ഇന്നു രാവിലെ 11 മണിക്കാണ് റിസര്‍വ് ബാങ്കിന്റെ അവലോകന നയം വരുന്നുത്. വിലക്കയറ്റവും ധനകമ്മിയും നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്നും നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ, വ്യവസായ, ധനകാര്യ സ്ഥാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.
 
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താനും നാണയപ്പെരുപ്പ തോത് കുറക്കാനും ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്ക് പലിശ കുറക്കാന്‍ ഒരുങ്ങുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് റിസര്‍വ് ബാങ്ക് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്‍സൂണ്‍ ദുര്‍ബലമാകുമെന്ന പ്രവചനം  കാര്‍ഷിക ഉത്പാദനം കുറച്ചേക്കാമെന്ന വിലയിരുത്തലും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നതുമാണ് റിസര്‍വ് ബാങ്കിന്റെ മുമ്പിലുള്ള വെല്ലുവിളികള്‍.
 
മൊത്തവിലസൂചിക ആധാരമാക്കിയുള്ള നാണയപ്പെരുപ്പം ഏപ്രിലില്‍ 2.65 ശതമാനം താഴോട്ടുപോയിരുന്നു. മാത്രമല്ല കഴിഞ്ഞ ആറു മാസമായി നാണയപ്പെരുപ്പം പൂജ്യത്തിനു താഴെയാണ്. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന ഹ്രസ്വകാല വായ്പ (റീപോ)യുടെ പലിശനിരക്ക് ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലും 0.25% വീതം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കുറച്ചിരുന്നു. എന്നാല്‍ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ ഇതിന് അനുസൃതമായി പലിശ കുറക്കാന്‍ തയ്യാറാകാത്തതില്‍ റിസര്‍വ് ബാങ്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പണ ലഭ്യത ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ ബാങ്കുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉപഭോക്തൃ സൂചിക റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളിലാണ്.