വായ്പ്പ തിരിച്ചടക്കതെ ഉഴപ്പുന്നവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ കൂച്ചുവിലങ്ങ്

Webdunia
ബുധന്‍, 30 ജൂലൈ 2014 (11:45 IST)
ബാങ്കുകളില്‍ നിന്ന് വന്‍ തുക വായ്‌പ എടുത്ത ശേഷം തിരിച്ചടയ്‌ക്കാതെ ഒഴിഞ്ഞു മാറി നടക്കുന്ന കമ്പനികളെ ഓഹരി വിപണിയിയില്‍ നിന്ന് വിലക്കാന നീക്കം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ(സെബി)ക്ക് നല്‍കി.

ബാങ്കുകളില്‍ കിട്ടാക്കടവും നിഷ്‌ക്രിയ ആസ്‌തിയും കുതിച്ചുയരുന്നത് മുന്‍ നിറുത്തിയാണ് റിസര്‍വ് ബാങ്ക് പുതിയ നീക്കങ്ങള്‍ നടത്തുന്നത്. നടപ്പു വര്‍ഷം ലക്ഷ്യമിടുന്ന 5.5 - 6 ശതമാനം വളര്‍ച്ച നേടാനായി ബാങ്കുകളിലെ കിട്ടാക്കടവും നിഷ്‌ക്രിയ ആസ്‌തിയും ഇല്ലാതാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഇതൊടെയാണ് വായ്‌പ തിരിച്ചടയ്‌ക്കാന്‍ ശേഷിയുണ്ടായിട്ടും ഒഴിഞ്ഞുമാറി നടക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനായി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായത്. 25 ലക്ഷം രൂപയോ അതിലധികമോ തുക വായ്‌പ എടുത്ത ശേഷം തിരിച്ചടയ്‌ക്കാത്തവരെ 'മനഃപൂര്‍വ്വം കുടിശിക വരുത്തുന്നവര്‍‘ എന്ന വിഭാഗത്തില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കമ്പനികളെ ഓഹരി വില്‌പനയില്‍ നിന്നും മാറ്റി നിര്‍ത്തി ഓഹരി വില്‌പനയിലൂടെ മൂലധനം നേടുന്നത് തടയണമെന്നാണ് സെബിയോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നത്.ഇത്തരത്തിലുള്ള വായ്‌പ തിരിച്ചടയ്‌ക്കാത്ത കമ്പനികളുടെ പട്ടിക സെബിക്ക് റിസര്‍വ് ബാങ്ക് കൈമാറി. ബാങ്ക് ഉപഭോക്താക്കളുടെയും കമ്പനികളുടെയും വായ്‌പാ തിരിച്ചടവ് ശേഷി കണ്ടെത്തി റേറ്റിംഗ് നടത്തുന്ന പ്രമുഖ ഏജന്‍സിയായ സിബിലിനും റിസര്‍വ് ബാങ്ക് പട്ടിക നല്‍കിയിട്ടുണ്ട്.