ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിന് ഖത്തര്‍ തയ്യാറെടുക്കുന്നു

Webdunia
ശനി, 21 നവം‌ബര്‍ 2015 (10:11 IST)
ഇന്ത്യുടെ അടിസ്ഥാന സൌകര്യ മേഖലയിലുള്‍പ്പെടെ വന്‍ നിക്ഷേപത്തിന് ഗള്‍ഫ് രാജ്യമായ ഖത്തര്‍ തയ്യാറെടുക്കുന്നു. ജിദ്ദയിൽ നടന്ന ഇന്ത്യ–ജിസിസി വ്യവസായ ഫോറത്തിൽ ഗൾഫ് ഓർഗനൈസേഷൻ ഫോർ ഇൻഡസ്‌ട്രിയൽ കൺസൽറ്റിങ് (ജിഒഐസി) വ്യവസായകാര്യ അസിസ്‌റ്റന്റ് സെക്രട്ടറി ജനറൽ ഡോ. അലി ഹമദ് അൽ മുല്ല ആണ് ഇക്കാര്യം അറിയിച്ചത്.

ഖത്തർ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഖത്തർ നിക്ഷേപ നിധി (ക്യുഐഎ) ഇന്ത്യയിൽ പ്രതിവർഷം 1,000 കോടി ഡോളറിന്റെ (ഏകദേശം 6.6 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തും. ഇതിൽ പകുതിയിലേറെയും ഇന്ത്യയിലെ അടിസ്‌ഥാനസൗകര്യ വികസന മേഖലയിലാകും.

നിലവിലുള്ള കയറ്റുമതി–ഇറക്കുമതി ഇടപാടുകൾക്കപ്പുറം ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധങ്ങൾ വികസിക്കേണ്ടതുണ്ടെന്ന് ഫോറം അഭിപ്രായപ്പെട്ടു. ജിസിസിയിൽ നടപ്പാക്കിവരുന്ന സാമ്പത്തിക വൈവിധ്യവൽക്കരണങ്ങളിൽ ഏറെ സാങ്കേതിക പരിജ്‌ഞാനമുള്ള ഇന്ത്യൻ വ്യവസായികൾക്ക് പങ്കുവഹിക്കാനാവുമെന്ന് അൽ മുല്ല പറഞ്ഞു.

സൈബർ സുരക്ഷ, വിവരസാങ്കേതിക മേഖലകളിൽ ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണം ശക്‌തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സിഐഐ), കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് (സിഎസ്‌സി), ഫെഡറേഷൻ ഓഫ് ജിസിസി ചേംബേഴ്‌സ് എന്നിവ ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്.