സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ സമരത്തിലേക്ക്

Webdunia
ഞായര്‍, 5 ജൂലൈ 2015 (11:47 IST)
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സമരത്തിലേക്ക്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ വരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും.  മാനദണ്ഡങ്ങള്‍ പാലിക്കാതെ പമ്പുകള്‍ അനുവദിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം. 
 
സംസ്ഥാനത്തെ പമ്പ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 2000 ത്തോളം പമ്പുകളാണ് 24 മണിക്കൂര്‍ ഇന്ധന ബഹിഷ്കരണ സമരത്തില്‍ പങ്കെടുക്കുന്നത്.
 
പുതുതായി നൂറോളം പമ്പുകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. നിലവിലെ പമ്പുകളോട് ചേര്‍ന്ന് തന്നെ പുതിയ പമ്പുകള്‍ ആരംഭിക്കാനുള്ള നീക്കം നിലവിലുള്ള പമ്പുകളെ നഷ്ടത്തിലേക്ക് നയിക്കുമെന്ന് പമ്പുടമകളുടെ നിലപാട്.