ഓഡി ക്യൂ7നോട് കൊമ്പുകോര്‍ക്കാന്‍ മിത്സുബിഷി എത്തുന്നു; പുതിയ എസ്‌യുവി മോണ്ടേരോയുമായി

വെള്ളി, 4 നവം‌ബര്‍ 2016 (10:43 IST)
ജാപ്പനീസ് കാർ നിർമാതാക്കളായ മിത്സുബിഷിയുടെ എസ്‌യുവി മോണ്ടേരോ തിരിച്ചെത്തുന്നു. 2014ൽ ഇന്ത്യൻ വിപണിയിൽ നിന്നും പിന്‍‌വലിച്ച എസ്‌യുവിയാണ് മിത്സുബിഷി വീണ്ടും വിപണിയിൽ തിരിച്ചെത്തിച്ചിരിക്കുന്നത്. ഡിസംബർ മുതലായിരിക്കും വാഹനത്തിന്റെ വില്പന ആരംഭിക്കുക. ഡല്‍ഹി ഷോറൂമില്‍ 67.88ലക്ഷം മുതലാണ് പുതിയ എസ്‌യുവിയുടെ വില.   

3.2ലിറ്റർ ടർബോചാർജ്ഡ് 4 സിലിണ്ടർ ഡീസൽ എൻജിനാണ് ഈ എസ്‌യുവിയ്ക്കുള്ളത്. 189ബിഎച്ച്പി കരുത്തും 441എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എത്തുന്ന ഈ വാഹനത്തിന് 2 വീൽ ഡ്രൈവ് ഹൈ, 4 വീൽ ഡ്രൈവ് ഹൈ, 4 വീൽ ഡ്രൈവ് ഹൈ വിത്ത് ലോക്ക്ഡ് സെന്റർ ഡിഫ്രെൻഷ്യൽ, 4 വീൽ ഡ്രൈവ് ലോ എന്നീ ഡ്രൈവ് മോഡുകളുമുണ്ട്.   

ക്യാമറയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൈ ബീം ഫങ്ങ്ഷനോടുകൂടിയ പുതിയ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ബംബർ എന്നീ സവിശേഷതകളും പുതിയ ഡിസൈനിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.18 ഇഞ്ച് അലോയ് വീലുകൾ, ടേൺ ഇന്റിക്കേറ്റർ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഒആർവിഎം എന്നീ സവിശേഷതകളും വാഹനത്തെ ആകര്‍ഷകമാക്കുന്നു.

പനരോമിക് സൺറൂഫ്, ഡ്യുവൽ ടോൺ ഇന്റീരിയർ, ഇൻഫോടെയിൻമെന്റ് സിസ്റ്റം, 860 വാട്ടുള്ള 12 സ്പീക്കർ എൻടെർടൈൻമെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള സവിശേഷതകളാണ് വാഹനത്തിന്റെ അകത്തളത്തിലുള്ളത്. കൂടാതെ രാത്രിക്കാലങ്ങളിലെ ഡ്രൈവിംഗ് സുഖകരമാക്കുന്നതിനായി വാഹനത്തിന്റെ പിൻവശത്ത് ഫോഗ് ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കർട്ടൺ എയർബാഗ്, ഡ്യുവൽ എയർബാഗ്, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇബിഡി എന്നിങ്ങനെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഫീച്ചറുകളും വാഹനത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. സിബിയു വഴിയാണ് മിത്സുബിഷി മോണ്ടേരോ ഇന്ത്യയില്‍ ഇറക്കുമതി നടത്തുന്നത്. ഇന്ത്യയിൽ ഓഡി ക്യൂ7, വോൾവോ എക്സ്സി90 എന്നിവയോടായിരിക്കും പുത്തൻ മോണ്ടേരോയുടെ മത്സരം.

വെബ്ദുനിയ വായിക്കുക