ആഡംബരത്തിന്റെ ധാരാളിത്തം; മെഴ്സീഡിസ് ബെൻസ് ‘മേബാ ജി 650 ലാൻഡുലെറ്റ്സ്’ !

Webdunia
ശനി, 11 മാര്‍ച്ച് 2017 (10:55 IST)
ലോകത്തിലെ ഏറ്റവും വിലയേറിയ സ്പോർട് യൂട്ടിലിറ്റി വാഹനമായി മെഴ്സീഡിസ് ബെൻസ്. ‘മേബാ ജി 650 ലാൻഡുലെറ്റ്സ്‘ എന്ന എസ് യു വിയുമായാണ് അവര്‍ ജനീവ മോട്ടോര്‍ ഷോയില്‍ എത്തിയത്. ഏകദേശം അഞ്ച് ലക്ഷം ഡോളര്‍ അതായത് 3.33 കോടിയോളമാണ് ഈ ആഡംബര എസ് യു വിയുടെ വില. ഈ ശ്രേണിയില്‍ വെറും 99 വാഹനങ്ങള്‍ മാത്രമായിരിക്കും നിര്‍മിക്കുകയെന്ന് കമ്പനി അറിയിച്ചു. 
 
ഏഴടിയോളം ഉയരമുള്ള എസ് യു വിയില്‍  22 ഇഞ്ച് വീലുകളാണ് മെഴ്സീഡിസ് ഘടിപ്പിച്ചിരിക്കുന്നത്. ഏത് പ്രതികൂലമായ കാലാവസ്ഥയെയും റോഡ് സാഹചര്യങ്ങളെയും അനായാസം കീഴടക്കാൻ ഈ എസ് യു വിക്കു കഴിയുമെന്നാണു നിർമാതാക്കള്‍ അഭിപ്രായപ്പെടുന്നത്.  പ്രകടനക്ഷമതയുടെ കാര്യത്തിലും ആഡംബരത്തിന്റെ കാര്യത്തിലുമെല്ലാം ബെന്റ്ലിയെയും റോൾസ് റോയ്സിനെയുമെല്ലാം പിന്നിലാക്കുന്ന തകര്‍പ്പന്‍ എസ് യു വിയായിരിക്കുമിത്.
 
കാഴ്ചയിലും സുഖസൗകര്യങ്ങളുടെ കാര്യത്തിലുമെല്ലാം ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഈ എസ് യു വിയുടെ നിര്‍മാണത്തില്‍ കാണിച്ചിട്ടില്ല. മുന്തിയ താപനില ക്രമീകരിക്കാവുന്ന ലെതര്‍ സീറ്റുകൾ, പിൻ സീറ്റിലായി മസാജ് ചെയ്യാനുള്ള സംവിധാനം, താപനില ക്രമീകരിക്കാന്‍ സാധിക്കുന്ന കപ് ഹോള്‍ഡര്‍, മടക്കി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള മേശ, ഓരോ യാത്രക്കാ‍രനും സൌകര്യാനുസരണം ഉപയോഗിക്കാവുന്ന് 10 ഇഞ്ച് സ്ക്രീന്‍, ഡിമ്മിങ് ഗ്ലാസ് പാർട്ടീഷൻ, പിന്‍‌വലിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റൂഫ് എന്നീങ്ങനെയുള്ള സവിശേഷതകള്‍ ഈ വാഹനത്തിലുണ്ട്.

ഇരട്ട ടർബോ ചാര്ജ്ഡ് വി 12 എൻജിനാണ് ഈ എസ് യു വിക്ക് കരുത്തെകുന്നത്. 630 ബി എച്ച് പി കരുത്തും 1000.59 എൻ എം ടോർക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള എന്‍‌ജിനാണ് ഇത്. മികച്ച ഓഫ് റോഡ് യാത്ര നല്‍കുന്നതിനായി 18 ഇഞ്ച് വരെ ഉയരത്തിലെത്തിക്കാന്‍ സാധിക്കുന്ന പോർട്ടൽ ആക്സിലുകളാണ് ഈ എസ് യു വിയില്‍ നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഈ എസ് യു വി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
Next Article