ഒരു മെഴ്സിഡന്‍സ് ബെന്‍സ് വിജയഗാഥ, മൂന്നാം ക്വാര്‍ട്ടറില്‍ റെക്കോര്‍ഡ് വില്‍പ്പന; ഈ വര്‍ഷം ഇതുവരെ വിറ്റത് 11869 യൂണിറ്റുകള്‍ !

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (19:25 IST)
ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ മെഴ്സിഡസ് ബെന്‍സ് കാഴ്ചവച്ചത് വിസ്മയം. വില്‍പ്പനയില്‍ വന്‍ മുന്നേറ്റം നടത്തി മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ കുതിപ്പാണ് മെഴ്സിഡസ് ബെന്‍സ് നടത്തിയിരിക്കുന്നത്.
 
മൂന്നാം ക്വാര്‍ട്ടറിലെ റെക്കോര്‍ഡ് പ്രകടനമാണ് ബെന്‍സിന് ഈ വര്‍ഷം ഉണ്ടായത്. ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ 41% വളര്‍ച്ചയുണ്ടായി. 
 
ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 19.6% വളര്‍ച്ചയാണ് ഇന്ത്യയില്‍ മെഴ്സിഡസ് ബെന്‍സിന് ഉണ്ടായത്. ഈ കാലയളവില്‍ 11869 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റത് 9924 യൂണിറ്റുകള്‍ മാത്രം.
 
മൂന്നാം ക്വാര്‍ട്ടറില്‍ 4698 യൂണിറ്റുകള്‍ വിറ്റഴിഞ്ഞു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. 2016 ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ വിറ്റത് 3327 യൂണിറ്റുകളാണ്. 
 
ഈ വര്‍ഷം ആദ്യത്തെ മൂന്ന് ക്വാര്‍ട്ടറിലുമായി വിറ്റ കാറുകളുടെ എണ്ണം 2014ല്‍ വിറ്റ മൊത്തം കാറുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നതാണ് വിസ്മയിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ വിറ്റഴിഞ്ഞത് 10201 യൂണിറ്റുകള്‍ മാത്രമായിരുന്നു.
 
2017ല്‍ മെഴ്സിഡസ് ബെന്‍സിന്‍റെ വില്‍പ്പനയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ലോംഗ് വീല്‍‌ബേസ് ഇ ക്ലാസ് സെഡാന്‍ ആണ്. ഇന്ത്യയില്‍ അവതരിപ്പിച്ച് ഏഴ് മാസങ്ങള്‍ക്ക് ശേഷവും ആ കാറിനുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല.
 
മെഴ്സിഡസ് ബെന്‍സില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന എസ് യു വിയായി ജി എല്‍ സി മാറി. 2017ലെ ആദ്യ മൂന്ന് പാദങ്ങളിലുമായി പത്ത് ഉത്പന്നങ്ങളാണ് മെഴ്സിഡസ് ബെന്‍സ് അവതരിപ്പിച്ചത്.
 
ഉപഭോക്താക്കളെ മുന്നില്‍ കണ്ടുള്ള നയമാണ് ഈ വര്‍ഷത്തെ വലിയ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്‍ടറും സി ഇ ഒയുമായ റോളണ്ട് ഫോള്‍ജര്‍ പറഞ്ഞു. ഈ വളര്‍ച്ച ആത്മവിശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Article