വിപണിയെ മറിച്ചിട്ടത് ട്രംപോ?, സെന്‍സെക്‌സില്‍ 1235 പോയന്റ് ഇടിവ്, നിക്ഷേപകര്‍ക്ക് നഷ്ടമായത് 7 ലക്ഷം കോടി
തുടക്കത്തിലെ വില്പന സമ്മര്‍ദ്ദം മറികടന്നെങ്കിലും പിന്നീട് കനത്ത തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഓഹരി വിപണി. ഉച്ചകഴിഞ്ഞ് സെന്‍സെക്‌സില്‍ 1235 പോയന്റിന്റെ നഷ്ടമാണ് ഉണ്ടായത്. നിഫ്റ്റിയാകട്ടെ 23,024 നിലവാരത്തിന് താഴെയെത്തി. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷം എടുക്കുന്ന പുതിയ നടപടികളെ പറ്റിയുള്ള ആശങ്കയും വില്പന സമ്മര്‍ദ്ദവുമാണ് വിപണിയെ ബാധിച്ചത്. ചൊവ്വാഴ്ച വ്യാപാരത്തില്‍ 7 ലക്ഷം കോടിയിലേറെ രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.
ഇറക്കുമതിയുമായി ബന്ധപ്പെട്ട് ട്രംപിന്റെ നയത്തെ പറ്റിയുള്ള അവവ്യക്തതയും അയല്‍ രാജ്യങ്ങള്‍ക്ക് മുകളില്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനങ്ങളും വിപണിയില്‍ ജാഗ്രത പാലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് യുഎസിന്റെ നീക്കം.മൂന്നാം പാദത്തില്‍ നിഫ്റ്റി 50 കമ്പനികളുടെ പ്രതിയോഹരി വരുമാന വളര്‍ച്ച 3 ശതമാനത്തിലൊതുങ്ങുമെന്ന ബ്ലൂംബെര്‍ഗ് വിലയിരുത്തലും വിപണിക്ക് തിരിച്ചടിയായി. വരും ദിവസങ്ങളിലും വില്പന സമ്മര്‍ദ്ദം തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.