Donald Trump returns to White House: യുഎസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക്. രണ്ടാം തവണയാണ് ട്രംപ് യുഎസ് പ്രസിഡന്റായി വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. 2017 ലാണ് ട്രംപ് നേരത്തെ യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തിയത്. അന്ന് തോല്‍പ്പിച്ചത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റനെയാണ്. ഇത്തവണ തോല്‍പ്പിച്ചത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ.
2017 ല്‍ നിന്നു വ്യത്യസ്തമായിരിക്കും ട്രംപിന്റെ ഇത്തവണത്തെ സ്ഥാനാരോഹണം. ഇത്തവണ ഇന്‍ഡോര്‍ ആയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ശൈത്യക്കാറ്റു മൂലം കാലാവസ്ഥ മോശമായതിനാലാണു സത്യപ്രതിജ്ഞയ്ക്കു തുറന്ന വേദി ഒഴിവാക്കിയത്. ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30 നാണ് സത്യപ്രതിജ്ഞ. ജെ.ഡി.വാന്‍സ് ആണ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുക. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.
കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് 1985 ലെ റൊണാള്‍ഡ് റീഗന്റെ സത്യപ്രതിജ്ഞയും ഇന്‍ഡോര്‍ ആയാണ് നടന്നത്. ഇലോണ്‍ മസ്‌ക്, മാര്‍ക് സുക്കര്‍ബര്‍ഗ് എന്നിവരും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്‌ള്യു ബുഷ്, ബരാക് ഒബാമ എന്നിവരും ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കാളികളാകും.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി വാഷിങ്ടണില്‍ ട്രംപ് ആതിഥേയനായി ഇന്നലെ നടന്ന അത്താഴവിരുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സന്‍ നിത അംബാനിയും പങ്കെടുത്തിരുന്നു. ട്രംപിനൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 100 പേര്‍ക്കാണു വിരുന്നിലേക്കു ക്ഷണം ലഭിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍നിന്നുള്ള അതിഥികള്‍ ഇവര്‍ മാത്രമായിരുന്നെന്നും സൂചനയുണ്ട്. ഇരുവരും സത്യപ്രതിജ്ഞ ചടങ്ങിലും പങ്കെടുക്കും.