ഓഫ് റോഡ് പ്രേമികൾക്കൊരു സന്തോഷവാര്‍ത്ത; തകര്‍പ്പന്‍ സവിശേഷതകളുമായി മഹീന്ദ്ര താർ ഡെബ്രേക്ക് എഡിഷൻ വിപണിയിലേക്ക്

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (11:27 IST)
മഹീന്ദ്ര താര്‍ ഡെബ്രേക്ക് എഡിഷൻ മോഡല്‍ വിപണിയിലെത്തുന്നു. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോഎക്സ്പോയിൽ മഹീന്ദ്ര പവല്യനിലെ മുഖ്യാകർഷണങ്ങളിലൊന്നായിരുന്നു ഈ കസ്റ്റം മോഡൽ താർ. മറ്റു താറുകളില്‍ ഉപയോഗിച്ചിരിക്കുന്ന എൻജിനിൽ നിന്ന് മാറ്റമൊന്നുമില്ലാതെ അതെ 105പിഎസ് കരുത്തും 247എൻഎം ടോർക്കുമുള്ള 2.5ലിറ്റർ ഡീസൽ എൻജിൻ തന്നെയാണ് പുതിയ വാഹനത്തിനും നൽകിയിട്ടുള്ളത്.
 
ഒറ്റനോട്ടത്തിൽ തന്നെ ഏതൊരാളേയും ആകർഷിക്കുന്ന വലുപ്പമേറിയ ടയറുകളാണ് വാഹനത്തിന്റെ പ്രത്യേകത. 37 ഇഞ്ച് വലുപ്പമാണ് ഈ ഭീമൻ ടയറുകള്‍ക്കുള്ളത്. ഇത് ഉൾക്കൊള്ളിക്കാനായി ഒന്നര ഇഞ്ചോളം ഉയർത്തിയാണ് ഇതിന്റെ സസ്പെൻഷൻ ക്രമീകരിച്ചിട്ടുള്ളത്. അതുപോലെ അരികിലായി നൽകിയിട്ടുള്ള മാറ്റ് ഗ്രെ ഫിനിഷിങ്ങും ചുവപ്പ് നിറത്തിലുള്ള വരകളുമാണ് വാഹനത്തിന്റെ പുറംമോടി വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്.
 
വീതിയ കൂടിയ ബോണറ്റും, എൽഇഡി ഡിആർഎല്ലുകൾ ഘടിപ്പിച്ച പ്രജെക്ടർ ഹെഡ്‌ലാമ്പും കറുപ്പ് നിറത്തിലുള്ള ഗ്രില്ലുമാണ് മറ്റ് പ്രധാന സവിശേഷതകള്‍. കൂടാതെ വലുപ്പമേറിയ സ്പെയർ ടയർ, പുതുക്കിയ ബംബർ, ഡ്യുവൽ ക്രോം എക്സോസ്റ്റ്, എൽഇഡി ടെയിൽ ലാമ്പ് എന്നിവയാണ് വാഹനത്തിന്റെ പിന്‍ഭാഗത്തെ മികവുറ്റതാക്കി മാറ്റുന്നത്. പുറംഭാഗത്തിന് ഇണങ്ങുന്ന രീതിയിലുള്ള ഡ്യുവൽ ടോൺ തീമാണ് അകത്തളത്തിലും നൽകിയിട്ടുള്ളത്.
 
വാട്ടർപ്രൂഫ് സ്പീക്കർ, സ്പാർക്കോ ബക്കറ്റ് സീറ്റ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും അകത്തളത്തിലെ മറ്റ് പ്രത്യേകതകളാണ്. കസ്റ്റമൈസേഷന് മാത്രമായി 9.6ലക്ഷം രൂപയാണ് മഹീന്ദ്ര ഈടാക്കുന്നത്. എന്നാല്‍ പുതിയ ഡെബ്രേക്ക് എഡിഷന്‍ താറാണ് വാങ്ങുന്നതെങ്കില്‍ 20ലക്ഷത്തോളമായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Next Article