പെട്രോൾ തീരുവയിൽ 63 രൂപ കേന്ദ്രത്തിന്, ആറ് വർഷത്തിനിടെ കേന്ദ്രനികുതി വർധിച്ചത് 307%

ബുധന്‍, 2 ജൂണ്‍ 2021 (14:30 IST)
പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി വർധിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര  കമ്പോളത്തില്‍ ക്രൂഡോയില്‍ വില താഴുമ്പോള്‍  അതിനുസൃതമായി എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വില താഴാതെ പിടിച്ചുനിര്‍ത്തുകയും പലപ്പോഴും ഉയര്‍ത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഈ സ്ഥിതി ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
 
നിയമസഭയിൽ സി എച്ച് കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ആറു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം വര്‍ദ്ധിച്ചതായി കാണാം. 2021 ല്‍ ഇതിനകം തന്നെ പെട്രോള്‍-ഡീസല്‍ വിലയിൽ 19 തവണ വർദ്ധിപ്പിക്കുന്ന സ്ഥിതിയുണ്ടായി.
 
കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയില്‍ നാലിനങ്ങളുണ്ട്. ബേസിക് എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തല സൗകര്യ വികസന സെസ്, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി & റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതില്‍ ബേസിക് എക്സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല.  2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൻമേല്‍ ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട ബേസിക് എക്സൈസ് തീരുവ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍