ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

Webdunia
വെള്ളി, 25 ജൂലൈ 2014 (11:42 IST)
ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി നിലവിലെ 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര കാബിനറ്റ് അനുമതി നല്‍കി. നിക്ഷേപ പരിധിഉയര്‍ത്താന്‍ കാബിനറ്റിന്റെ അനുമതി ആയതോടെ, ബില്‍ ഇനി പാര്‍ലമെന്റിന്റെ മുന്നിലെത്തും. ലോക്സഭയില്‍ തനിച്ച് ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കരിനു കഴിയും.

എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ബില്‍ പാസാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ്  പ്രോമോഷന്‍ ബോര്‍ഡിന്റെ (എഫ്ഐപിബി) കര്‍ശന നിയന്ത്രണത്തിലായിരിക്കും വിദേശ നിക്ഷേപം നടക്കുക. കമ്പനികളുടെ നേതൃത്വം ഇന്ത്യന്‍ ഓഹരിയുമകള്‍ക്ക് തന്നെ ആയിരിക്കുമെന്നത് പ്രൊമോഷന്‍ ബോര്‍ഡ് ഉറപ്പുവരുത്തും.

ആദ്യ യു.പി.എ സര്‍ക്കാരാണ് ഇന്‍ഷ്വറന്‍സ് രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തണമെന്ന ബില്‍ കൊണ്ടുവന്നത്. എന്നാല്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇത് പാസായില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ പൊതു ബഡ്‌ജറ്റ് അവതരണ വേളയില്‍ പരിധി 49 ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇന്‍ഷ്വറന്‍സ് മേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെ 700 കോടി ഡോളറിന്റെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.