ഇന്ത്യ സാമ്പത്തിക പ്രതിസന്ധിക്ക് നടുവിൽ,അടിയന്തിര നടപടികളെടുക്കണമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്

അഭിറാം മനോഹർ

ചൊവ്വ, 24 ഡിസം‌ബര്‍ 2019 (10:45 IST)
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐ എം എഫ്)ആവശ്യപ്പെട്ടു.ഐ എം എഫിന്റെ വാർഷിക അവലോകനത്തിലാണ് ഇന്ത്യക്ക് ഐ എം എഫ് മുന്നറിയിപ്പ് നൽകിയത്.
 
ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതും മറ്റ് ഘടകങ്ങളും ഇന്ത്യയുടെ വളർച്ചക്ക് തടയിട്ടതായാണ് ഐ എം എഫിന്റെ വിലയിരുത്തൽ. ഇന്ത്യയിപ്പോൾ അഭിമുഖീകരിക്കുന്നത് സാമ്പത്തികപ്രതിസന്ധിയാണെന്ന് ഐ എം എഫ് ഏഷ്യാ പസഫിക് ഡിപ്പാർട്ട്മെന്റാണ് വ്യക്തമാക്കിയത്. 
 
നിലവിലെ പ്രതിസന്ധി മറികടക്കാനും വളർച്ചയിലേക്ക് മടങ്ങുന്നതിനുമായി അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഐ എം എഫ് അസി ഡയറക്ടർ റാനിൽ സൽഗാഡൊ പറഞ്ഞു. പ്രതിസന്ധിന്തുടരുകയാണെങ്കിൽ ബാങ്ക് നിരക്കുകൾ ഇനിയും കുറക്കുന്നതിനായി ഇന്ത്യ നിർബന്ധിതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
 ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഐ എം എഫിലെ മുഖ്യ സാമ്പത്തിക വിദഗ്‌ദ ഗീതാ ഗോപിനാഥ് കഴിഞ്ഞ ആഴ്ച ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. പ്രതീക്ഷിച്ചതിലും ആഴത്തിലുള്ള പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നതെന്നും ഇത് മറികടക്കാൻ കുറച്ച് സമയമെടുക്കുമെന്നും അവർ പറഞ്ഞിരുന്നു.
 
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം മാത്രമായി ഇതുവരെ അഞ്ചുതവണയാണ് നിരക്കുകൾ കുറച്ചത്. കഴിഞ്ഞ ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ബാങ്ക് നിരക്കുകൾ കുറച്ചിട്ടും കാര്യമായ നേട്ടം കൈവരിക്കാനായില്ലെന്നായിരുന്നു ഈ മാസം നടത്തിയ അവലോകനയോഗത്തിൽ പറഞ്ഞിരുന്നത്. രാജ്യത്തിന്റെ വാർഷിക വളർച്ചാ നിരക്കും മുൻ നിശ്ചയിച്ചതിൽ 6.1ൽ നിന്നും അഞ്ച് ശതമാനമായി റിസർവ്വ് ബാങ്ക് കുറച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍