സുപ്രീം കോടതിയുടെ ചില വിധികളാണു തകർച്ചയ്ക്കു വഴിവച്ചതെന്നാണു അദ്ദേഹത്തിന്റെ വാദം. ഒരു അഭിമുഖത്തിലാണ് സാൽവേയുടെ നിരീക്ഷണം. ‘ടുജി സ്പെക്ട്രം കേസിൽ 2012ൽ പരമോന്നത കോടതിയുടെ വിധിപ്രസ്താവം മുതലാണ് സാമ്പത്തിക തകർച്ച തുടങ്ങുന്നത്. ഒറ്റയടിക്ക് 122 സ്‌പെക്‌ട്രം ലൈസന്‍സുകളാണു റദ്ദാക്കിയത്. ഇതു രാജ്യത്തിന്റെ ടെലികോം വ്യവസായം തകര്‍ത്തു. ഇക്കാര്യത്തിൽ സുപ്രീം കോടതിയെ ഞാൻ കുറ്റപ്പെടുത്തുന്നു’
‘ടുജി ലൈസന്‍സുകള്‍ അനധികൃതമായി നേടിയവരുണ്ടാകാം. ലൈസൻസ് ഒന്നടങ്കം റദ്ദാക്കിയപ്പോൾ നിക്ഷേപം നടത്തിയ വിദേശികൾ ഉൾപ്പെടെയുള്ളവർക്കു നഷ്ടമുണ്ടായി. കോടിക്കണക്കിനു ഡോളറാണു വിദേശികള്‍ ഇവിടെ നിക്ഷേപിച്ചത്. പേനയെടുത്തു സുപ്രീംകോടതി ഒറ്റവെട്ട് വെട്ടിയപ്പോൾ അതെല്ലാം ഇല്ലാതായി. അന്നു തൊട്ടാണു സമ്പദ്‌രംഗത്തിന്റെ തകർച്ച തുടങ്ങിയത്.’– സാൽവെ അഭിപ്രായപ്പെട്ടു.
വാണിജ്യപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതിക്കു സ്ഥിരതയില്ലാത്തതു നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. സമാനമായ തരത്തിലാണ് കല്‍ക്കരി ഖനി അഴിമതി കേസിലും സുപ്രീം കോടതി ഇടപെട്ടത്. ഓരോ കേസിലെയും പരിഗണനാ വിഷയങ്ങൾ പരിശോധിക്കാതെ ഒറ്റയടിക്കു സകല അനുമതികളും റദ്ദാക്കി. കല്‍ക്കരി വ്യവസായത്തിലെ വിദേശ നിക്ഷേപം നഷ്ടപ്പെട്ടു. ഇതോടെ എന്തു സംഭവിച്ചു? ഇന്തൊനീഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമങ്ങൾ ലളിതമാക്കി നിക്ഷേപകരെ അവിടേക്ക് ആകർഷിച്ചു.