പ്രമുഖ പൊതുമേഖല ബാങ്കായ സിൻഡിക്കേറ്റ് ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡും ബാങ്ക് ചെക്ക് ബുക്കും ജൂലൈ ഒന്ന് മുതൽ അസാധുവാകും. ജൂലൈ 1 മുതൽ നെഫ്റ്റും ആർടിജെഎസും വഴിയുള്ള ഇടപാടുകൾക്ക് പുതിയ ഐഎഫ്എസ്‌സി കോഡ് ഉപയോഗിക്കണമെന്ന് കനറാ ബാങ്ക് നിർദേശം നൽകി. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സിൻഡിക്കേറ്റ് ബാങ്കിന്റെ ചെക്ക് നൽകിയവർ അതിനാൽ ജൂൺ 30നകം ഇത് സമർപ്പിക്കണം. സാമ്പത്തിക ഇടപാടുകൾക്കുപയോഗിക്കുന്ന ഐഎഫ്എസ്‌സി കോഡ് സിഎൻആർബി എന്ന അക്ഷരങ്ങളോടെയാകും തുടങ്ങുക. മുൻപ് ഇത് എസ്‌വൈഎൻബി എന്ന പേരിലായിരുന്നു.കൂടാതെ പതിനായിരം എന്ന അക്കം നിലവിലെ ഐഎഫ്എസ്‌സി കോഡ് നമ്പരിനൊപ്പം ചേർക്കണമെന്നും കനറാ ബാങ്ക് പ്രസ്‌താവനയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കനറാ ബാങ്ക് കസ്റ്റമർ കെയറുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ: 18004250018.