സബ് കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് അടിപൊളി ലുക്കില്‍ ഹ്യുണ്ടായ് എക്സെന്റ് !

വ്യാഴം, 20 ഏപ്രില്‍ 2017 (16:43 IST)
സബ് കോംപാക്ട് സെഡാന്‍ ‘എക്സെന്റി’ന്റെ പരിഷ്കരിച്ച പതിപ്പുമായി ഹ്യുണ്ടായ്‌. വലിപ്പത്തിലോ പ്ലാറ്റ്ഫോമിലോ വലിയ മാറ്റമൊന്നുമില്ലെങ്കിലും രൂപകൽപ്പനയിലും സാങ്കേതികതലത്തിലുമൊക്കെയുള്ള പരിഷ്കാരങ്ങളോടെയാണ് ‘2017 എക്സെന്റ്’ എത്തിയിരിക്കുന്നത്. 5.38 ലക്ഷം രൂപ മുതൽ 6.28 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്ഷോറൂം വില. എല്ലാ മോഡലിലും എബിഎസിന്റെ സുരക്ഷയും ഹ്യുണ്ടായ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
സെന്റർ കൺസോളിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന ഏഴ് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, നവീകരിച്ച ഡാഷ്ബോഡ് എന്നിങ്ങനെയുള്ള പുതുമകളാണ് വാഹനത്തിന്റെ അകത്തളത്തില്‍ നല്‍കിയിട്ടുള്ളത്. 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലീറ്റർ, സിആർഡിഐ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
 
പെട്രോൾ എൻജിനിലും ഈ സെഡാന്‍ വില്‍‌പനയ്ക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 82 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാന്‍ സാധിക്കുന്ന 1.2 ലീറ്റർ പെട്രോൾ എൻജിൻ സഹിതമായിരിക്കും കാര്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെട്രോൾ മോ‍ഡലില്‍ ലീറ്ററിന് 20.14 കിലോമീറ്ററും പെട്രോൾ ഓട്ടമാറ്റിക്കിന് 17.36 കിലോമീറ്ററും ഡീസൽ മോ‍ഡലിന് 25.4 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 

വെബ്ദുനിയ വായിക്കുക