വിവാദ വ്യവസായി ഹസന്‍ അലിഖാനെ കുടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വലയൊരുക്കുന്നു. ഇതിന്റെ ഭാഗമായി പുണെ സ്വദേശിയായ ഖാന്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ വീണ്ടും സ്വിസ് അധികൃതരെ സമീപിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്ക് അക്കൗണ്ടുകള്‍, ഖാന്റെയും കൂട്ടാളികളുടെയും സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്.
വിവാദ ആയുധക്കച്ചവടക്കാരന്‍ അഡ്‌നാന്‍ ഖഷോഗിയുമായുള്ള ഇടപാടുകളിലാണ് പ്രധാനമായും സര്‍ക്കാര്‍ ശ്രദ്ധചെലുത്തുന്നത്. അഡ്‌നാന്‍ ഖഷോഗിയുമായി ഖാനെ ബന്ധപ്പെടുത്തുന്ന സാമ്പത്തികരേഖകള്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വിസ് ബാങ്ക് അധികൃതരെ സമ്മര്‍ദ്ദം ചെലുത്തിയേക്കും.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി. എ സര്‍ക്കാര്‍ ഹസന്‍അലി ഖാനെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. സ്വിസ് ബാങ്കിലെ അക്കൗണ്ടില്‍ ആകെ 60000 ഡോളര്‍മാത്രമേ ഇദ്ദേഹത്തിനുള്ളൂവെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഹസന്‍ അലി ഖാന്റെ പുണെയിലെ വീട് പരിശോധിച്ചപ്പോള്‍ ഖഷോഗിയുമായി ചേര്‍ന്നുള്ള 80 കോടി ഡോളര്‍ ഇടപാടിന്റെ രേഖകള്‍ ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ക്ക് ലഭിച്ചിരുന്നു.
ഈ രേഖകള്‍ വ്യാജമാണെന്ന് നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അറിയപ്പെടുന്ന ഒരു വരുമാനമാര്‍ഗവും 1999-ന് ശേഷം കാണിച്ചിട്ടില്ലാത്ത ഹസന്‍അലി ഖാന് കോടികളുടെ വിദേശനിക്ഷേപം എങ്ങനെയുണ്ടായി എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. അതിനിടയില്‍ കേന്ദ്രം ഇയാള്‍ക്കനുകൂലമായി നിലപാടെടുത്തത് വിവാദമാവുകയും ചെയ്തു. രാഷ്ട്രീയക്കാരുടെയും സിനിമാ താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചിരുന്നത് ഖാനാണെന്ന വിലയിരുത്തലാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.
ഹസന്‍ അലി ഖാന്‍ പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് മുംബൈ കോടതിയുടെ പരിഗണനയിലാണ്. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായ ഇദ്ദേഹത്തിനെതിരെ നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ പല കേസുകളും നിലവിലുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിശോധനാവിഷയങ്ങളില്‍ ഹസന്‍അലി ഖാന്റെ കേസ് പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമനടപടികള്‍ തുടങ്ങുന്നതിനുള്ള നിര്‍ദേശം ആദായനികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്കും നല്‍കിയിട്ടുണ്ട്.