കോഴി മുതല്‍ തുണിവരെ; ജിഎസ്ടി സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയെ തിരിഞ്ഞുകൊത്തും
വ്യാഴം, 1 ജൂണ്‍ 2017 (21:19 IST)
ചരക്ക് സേവന നികുതി (ജി എസ് ടി) പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരഭങ്ങളുടെ നില പരുങ്ങലിലാകുമെന്ന് റിപ്പോര്‍ട്ട്.
ജിഎസ്ടിയില്‍ സര്‍ക്കാരും ജനങ്ങളും നേട്ടമുണ്ടാക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ഒരു വിഭാഗം ചെറുകിട വ്യവസായികള്‍ തിരിച്ചടി ഉണ്ടാകുമോ എന്ന ഭയത്തിലുള്ളത്.
തമിഴ്‌നാട്ടില്‍ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാകുന്ന ഇറച്ചിക്കോഴി, തുണി, മോട്ടോർ, വയറിങ് ഇനങ്ങൾ കേരളത്തില്‍ എത്തുന്നതോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ചെറുകിട വ്യവസായ സംരഭകര്‍ക്കാണ് ജി എസ് ടി നഷ്‌ടമുണ്ടാകുക.
തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയില്‍ കേരളത്തിലേക്ക് കോഴി എത്തുന്നതാണ് കോഴി ഫാമുകള്‍ നടത്തുന്നവരെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കേരളത്തിലെ രണ്ടേമുക്കാല്‍ ലക്ഷത്തോളം വരുന്ന കോഴി കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്‌ടം ഇതുമൂലമുണ്ടാകും.
തുണിയുടെ കാര്യവും ഇതുപോലെ തന്നെയാണ്. ഇതരസംസ്ഥാനങ്ങളിൽ തുണിത്തരങ്ങൾക്ക് വില കുറവായതിനാൽ ഇനിമുതൽ വിലക്കുറവിൽ തുണിയും കേരളത്തിലെത്തും. ഇതോടെ കേരളത്തില്‍ തുണിയുടെ വില കുറയുകയും ചെറിയ യൂണിറ്റുകള്‍ നടത്തുന്നവര്‍ പിടിച്ചു നില്‍ക്കാന്‍ പാട് പെടുകയും ചെയ്യും.
തമിഴ്നാട്ടിൽ ഉത്‌പാദനച്ചെലവ് കുറവായതിനാൽ മോട്ടോർ, വയറിങ് സാധനങ്ങൾ എന്നിവയ്ക്ക് വില കുറവാണ്. ഈ വസ്‌തുക്കള്‍ കേരളത്തില്‍ എത്തുന്നതോടെ സംസ്ഥാനത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയുണ്ടാക്കും.