ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു; ബാരലിന് രണ്ടു ഡോളര്‍ കുറഞ്ഞ് 28 ഡോളര്‍

Webdunia
തിങ്കള്‍, 18 ജനുവരി 2016 (09:23 IST)
ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. ഉപരോധം അവസാനിച്ച് ഇറാന്‍ അന്താരാഷ്‌ട്ര എണ്ണ വിപണിയില്‍ തിരിച്ചെത്തിയതോടെയാണ് ഇത്. ഇതോടെ എണ്ണവില രണ്ടു ഡോളര്‍ കുറഞ്ഞ് ബാരലിന് 28 ഡോളറിനു താഴെയെത്തി.
 
രണ്ടു ദിവസത്തിനുള്ളിലാണ് രണ്ട് ഡോളര്‍ കുറഞ്ഞിരിക്കുന്നത്. ഐക്യരാഷ്‌ട്ര സഭയും യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധങ്ങള്‍ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ആണവായുധ നിര്‍മാണത്തിന്റെ പേരിലായിരുന്നു ഇറാനുമേല്‍ ഉപരോധം ചുമത്തിയിരുന്നത്.
 
ഏതായാലും ഉപരോധം നീങ്ങിയതോടെ വിവിധ രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ കഴിയും. ലോകത്തെ നാലാമത്തെ എണ്ണ ഉല്പാദക രാജ്യമാണ് ഇറാന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എണ്ണ വിലയില്‍ ഇടിവുണ്ടായിരുന്നു.