കൊവിഡ് 19; ഹോളി വിപണിക്ക് വൻ തിരിച്ചടി

അഭിറാം മനോഹർ
ഞായര്‍, 8 മാര്‍ച്ച് 2020 (13:36 IST)
കൊവിഡ് 19 ബാധ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഹോളി വിപണിക്ക് വൻ തിരിച്ചടി.രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ദില്ലി, ആഗ്ര, താനെ തുടങ്ങിയ നഗരങ്ങളിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതാണ് വിപണിക്ക് കനത്ത ആഘാതം ഏൽക്കാൻ കാരണം.
 
ചൊവാഴ്ച്ചയാണ് ഹോളി ആഘോഷങ്ങൾ രാജ്യമെങ്ങും നടക്കുന്നത്. സാധാരണ ഹോളി നടക്കേണ്ടതിന് മുൻപുള്ള നാല് ദിനങ്ങൾ വിപണിയിൽ വലിയ അളവിൽ കച്ചവടം നടക്കുന്ന ദിവസങ്ങളാണ്.സാധരണം ദിവസങ്ങളേക്കാൾ 20 മുതൽ 25 ശതമാനം വരെ അധിക കച്ചവടം ഈ നാലു ദിവസങ്ങളിൽ മാത്രം നടക്കും. പക്ഷേ കൊറോണ വൈറസ് ബാധ ഇതിന് തിരിച്ചടിയായിരിക്കുകയാണ്. കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആളുകൾ തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കിയതാണ് ഇതിന് കാരണം.ഇവർക്ക് പുറമെ ചെറുകിട കച്ചവടക്കാർ മാൾ ഓപ്പറേറ്റർമാർ, സിനിമ തീയറ്ററുകൾ തുടങ്ങിയവരും രോഗ ബാധയെ തുടർന്ന് പ്രതിസന്ധിയിലാണ്.
 
ഹോളിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും പിൻവലിക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കി.രാജ്യത്ത് കൊറോണ ബാധ പടരുന്ന സാഹചര്യമുള്ളതിനാൽ ഹോളി ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.കൊവിഡ് 19 പടരുന്ന  സാഹചര്യത്തിൽ വലിയ ആൾക്കൂട്ടം ഉള്ള പരിപാടികൾ കുറയ്ക്കണം എന്ന വിദഗ്ധരുടെ നിർദേശം പാലിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article