എല്ലാവര്‍ക്കും ഇനി ബാങ്ക് അക്കൌണ്ട് കിട്ടും

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2014 (12:52 IST)
രാജ്യത്തേ മുഴുവന്‍ പേരേയും ബാങ്ക് അക്കൌണ്ടുള്ളവരാക്കി മാറ്റുന്നതിന്റെ ഭാഗമായി 2018 ആഗസ്ത് 15-നകം രാജ്യത്ത് ഏഴരക്കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി. ഗ്രാമീണ, നഗര മേഖലകളില്‍ ബാങ്കിങ് സേവനം വ്യാപിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയില്‍ 2000-ന് മുകളില്‍ ജനസംഖ്യയുള്ള ഗ്രാമങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന. രണ്ടു ഘട്ടങ്ങളാവും പദ്ധതിയില്‍ ഉണ്ടാവുക.

രാജ്യത്തെ ആറ് ലക്ഷം ഗ്രാമങ്ങളെ ചെറിയ സേവന കേന്ദ്രങ്ങളാക്കി തിരിച്ച് ഓരോ ബാങ്കുകള്‍ക്ക് ചുമതല നല്‍കാനാണ് തീരുമാനം. പദ്ധതി പ്രകാരം 1000-1500 വീടുകള്‍ക്കായി അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഒരു സ്ഥിര ബാങ്കിങ് കേന്ദ്രം ഉണ്ടായിരിക്കും

ആദ്യ ഘട്ടം 2015 ആഗസ്ത് 15 വരെയായിരിക്കും. എല്ലാവര്‍ക്കും സാമ്പത്തിക സാക്ഷരത ലഭ്യമാക്കി അവരെ ബാങ്കിങ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിനാണ് ഈ ഘട്ടത്തില്‍ പ്രാമുഖ്യം നല്‍കുക. രണ്ടാം ഘട്ടം 2018 ആഗസ്ത് 15 വരെയായിരിക്കും. മൈക്രോ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാം ഘട്ടം നടപ്പാക്കുക.

അക്കൗണ്ട് തുറക്കുന്നതിനൊപ്പം റുപ്പേ ഡെബിറ്റ് കാര്‍ഡും ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭ്യമാക്കും. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് 5000 രൂപ വരെ അധികം പിന്‍വലിക്കാനും സൗകര്യമൊരുക്കും.

പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മുന്‍ സര്‍ക്കാറിന്റെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടപടികളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് ഊര്‍ജിത ശ്രമങ്ങളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.