റോയൽ എൻഫീൽഡിന് ശക്തനായ എതിരാളി; ബജാജ് ഡോമിനർ വിപണിയിലേക്ക്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (14:43 IST)
ബജാജിന്റെ 400 സിസി ബൈക്ക് ഡോമിനർ പുറത്തിറങ്ങി. തങ്ങളുടെ ശ്രേണിയിലെ എൻജിൻ ശേഷി കൂടിയ ബൈക്കായ ഡോമിനർ 400ന് 1.36 ലക്ഷം രൂപയും എബിഎസ് സുരക്ഷയോടു കൂടിയ മോഡലിന് 1.5 ലക്ഷം രൂപയുമാണ് ഡല്‍ഹി ഷോറൂമിലെ വില. ജനുവരി ആദ്യ വാരത്തോടെ ഈ ബൈക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നാണ് പുറത്തു വരുന്ന വിവരം.
 
കരുത്തിൽ മികവു കാണിക്കുക എന്നർഥം വരുന്ന സ്പാനിഷ് വാക്കിൽ നിന്നാണു ബജാജ് ഓട്ടോ ‘ഡോമിനർ’ എന്ന പേരു കണ്ടെത്തിയതെന്നും ഇന്ത്യൻ മോട്ടോർ സൈക്കിൾ വ്യവസായത്തിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാൻ പര്യാപ്തമായ ഒരു മോഡലാണു ‘ഡോമിനര്‍ 400’ എന്നുമാണ് ബജാജ് അവകാശപ്പെടുന്നത്. പുണെയ്ക്കടുത്ത് ചക്കനിലുള്ള പ്ലാന്റിൽ ബൈക്കിന്റെ നിർമാണം ആരംഭിച്ചു.
 
373.3 സിസി കപ്പാസിറ്റിയുള്ള എൻജിനാണ് ഡോമിനറിനു കരുത്തേകുക. ഈ എന്‍‌ജിന്‍ 8000 ആർപിഎമ്മിൽ 35 ബിഎച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 35 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുക. ആറ് സ്പീഡ് ഗിയർബോക്സിനോടൊപ്പം കൂടെ സ്ലിപ്പർ ക്ലച്ചും ഈ ബൈക്കിനു നൽകിയിട്ടുണ്ട്. ഡിജിറ്റർ മീറ്റർ കൺസോൾ,  ഓട്ടോ ഹൈഡ് ലാമ്പോടുകൂടിയ എൽഇഡി ഹെ‍ഡ്‌ലൈറ്റ് തുടങ്ങിയവയും ബൈക്കിന്റെ പ്രത്യേകതകളാണ്.
 
മുന്‍‌ഭാഗത്ത് ടെലിസ്കോപ്പിക്ക് സസ്പെൻഷന്‍ നല്‍കിയപ്പോള്‍ പിന്നിൽ മോണോഷോക്ക് സസ്പെൻഷനാണ് നല്‍കിയിരിക്കുന്നത്.182 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 8.23 സെക്കന്റുകൾ മാത്രമാണ് ആവശ്യമായി വരുന്നത്. മണിക്കൂറിൽ 148 കിലോമീറ്ററാണ് ഡോമിനറിന്റെ ഉയർന്ന വേഗത. റോയൽ എൻഫീൽഡ് ബൈക്കുകളുമായിട്ടാണ് ഡോമിനർ മത്സരിക്കുക.  
Next Article