അഹമ്മദാബാദ്: വിവാദ സ്വാമി നിത്യാനന്ദക്കെതിരെ വീണ്ടും പരാതി. തങ്ങളുടെ രണ്ട് പെൺമക്കളെ ആശ്രമത്തിൽ തടഞ്ഞുവച്ചു എന്നാരോപിച്ചാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചിരിക്കുന്നത്. മക്കളെ വിട്ടുകിട്ടുന്നതിനായി ബംഗളുരു സ്വദേശികളായ ജനാർദ്ദന ശർമയും ഭാര്യയും ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു.
തന്റെ നാല് പെൺമക്കളെ ബംഗളുരുവിലെ നിത്യാനന്ദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. എന്നാൽ കുട്ടികളെ പിന്നീട് അഹമ്മദാബാദിലെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കുട്ടികളെ കാണം എന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനം അധികൃതർ ഇതിന് അനുവദിച്ചില്ല. പിന്നീട് പൊലീസുമായി എത്തിയാണ് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ സ്ഥാപനത്തിൽനിന്നും കൊണ്ടുപോയത്.
എന്നാൽ ദമ്പതികളുടെ 21ഉം, 18ഉം വയസുള്ള പെൺകുട്ടികൾ സ്ഥാപനത്തിൽനിന്നും തിരികെപോകാൻ വിസമ്മതിച്ചു. പ്രായ പൂർത്തിയാവാത്ത തങ്ങളുടെ ഇളയ മക്കളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി പാർപ്പിച്ചു എന്നാണ് മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ പ്രായപൂർത്തിയാവാത്ത മറ്റു പെൺകുട്ടികളുടെ കാര്യത്തിലും ആശങ്ക ഉണ്ടെന്നും ദമ്പതികൾ പരാതിയിൽ പറയുന്നു.